ഹോമിയോ ആശുപത്രി; സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി

കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഓഡിറ്റോറിയത്തില്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി. കണ്ടലയില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളായി. പുതിയ കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നിട്ടും നടപടിയില്ല. മാറനല്ലൂര്‍ പഞ്ചായത്ത് ഓഫിസിലെ ഓഡിറ്റോറിയത്തിനുള്ളിലെ ചെറിയ മുറിയിലുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം രോഗികളെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. കണ്ടലയില്‍ നിര്‍മിച്ച കെട്ടിടത്തിലേയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ പഞ്ചായത്തിന് കത്ത് നല്‍കിട്ട് മാസങ്ങളായെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഓഫിസും, കൃഷി ഓഫിസും ഓഡിറ്റോറിയവും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫിസിലും കൃഷി ഓഫിസിലും എത്തുന്നവരുടെ തിരക്കും വാഹനങ്ങളുടെ പാര്‍ക്കിങ്ങും കാരണം ആശുപത്രിയിലേയ്ക്ക് കടക്കേണ്ട വാതിലിന്റെ സമീപത്തുപോലും എത്താനാകുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച 64 ലക്ഷം രൂപ വിനിയോഗിച്ചാണ് കണ്ടലയില്‍ ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചത്. ഹോമിയോ ആശുപത്രിക്ക് വേണ്ടി മാത്രം നിര്‍മിച്ച കെട്ടിടത്തില്‍ പകല്‍വീടും കൂടി പഞ്ചായത്ത് ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും പഞ്ചായത്തും തമ്മില്‍ തുടക്കത്തില്‍ തന്നെ തര്‍ക്കം നിലനിന്നിരുന്നു. ലാബും യോഗ മുറിയും ഉള്‍പ്പടെ ആധുനികരീതിയിലാണ് ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കെട്ടിടത്തിന്റെ ഒരുഭാഗം പകല്‍ വീടിനുവേണ്ടി മാറ്റുമ്പോള്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറയുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ അനുവദിച്ച ഫണ്ട് പകല്‍ വീടും കൂടി നിര്‍മിക്കാനാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.