അധിക ബാധ്യത സർവകലാശാലകളുടെ തലയിൽ; 'കേരള'യിൽ പെൻഷൻ പരിഷ്കരണ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ഇരുപതിനായിരത്തോളം വരുന്ന പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറിയതോടെ സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ച്​ കേരള സർവകലാശാല ഇറക്കിയ ഉത്തരവ് വൈസ്​ചാൻസലർ റദ്ദാക്കി. ഏറ്റവും കൂടുതൽ പെൻഷൻകാരും കുടുംബ പെൻഷൻകാരുമുള്ള 'കേരള' യിൽ പെൻഷൻ വർധനയുടെ ബാധ്യത ഏറ്റെടുത്താൽ സർവകലാശാലയുടെ വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലി​ൻെറ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് അതേപടി നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയത്. ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തോടൊപ്പം സർവകലാശാല പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിച്ചിരുന്നില്ല. സർവകലാശാലകൾ തനത് വരുമാനത്തിൽനിന്ന് പെൻഷൻ പരിഷ്കരിക്കുന്നതി​ൻെറ അധികബാധ്യത കണ്ടെത്തണമെന്ന ധനവകുപ്പി​ൻെറ ശിപാർശ കഴിഞ്ഞമാസം മന്ത്രിസഭ അതേപടി അംഗീകരിച്ചു. എല്ലാ സർവകലാശാലകളും സർക്കാറി​ൻെറ പെൻഷൻ പരിഷ്കരണ ഉത്തരവ് നടപ്പാക്കിയെങ്കിലും തീരുമാനം പുനഃപരിശോധിക്കാനോ പെൻഷൻ കുടിശ്ശിക തടയാനോ ആണ് സാധ്യത. പെൻഷൻ പരിഷ്കരണത്തിനുള്ള അധിക ചെലവ് ഗ്രാൻറിനത്തിൽ സർവകലാശാലകൾക്ക് വർധിപ്പിച്ചുനൽകുന്ന രീതിയാണ് ഇതുവരെ ചെയ്​തിരുന്നത്​. 'കേരള'ക്ക്​ പുറമെ ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള കാലിക്കറ്റ്, കാർഷിക സർവകലാശാലകളെയും സർക്കാർ ഉത്തരവ് ബാധിക്കും. പുതിയ സർവകലാശാലകളുടെ രൂപവത്​കരണം നിലവിലെ സർവകലാശാലകളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. സർവകലാശാല ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ വിവിധ തസ്തികകളുടെ പുതുക്കിയ ശമ്പള സ്കെയിലും അനുബന്ധ വിശദാംശങ്ങളും നിശ്ചയിച്ചിട്ടില്ലാത്തതും പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന് തടസ്സമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.