നവീകരിച്ച നാചുറൽ ഹിസ്​റ്ററി മ്യൂസിയം നാടിന് സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധതയോടെയാണ് ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നവീകരിച്ച നാചുറൽ ഹിസ്​റ്ററി മ്യൂസിയം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്ത് മ്യൂസിയം വളപ്പിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന നാഷനൽ ഹിസ്​റ്ററി മ്യൂസിയം 1964ൽ ആരംഭിച്ച ശേഷം ആദ്യമായാണ് പൂർണമായും നവീകരിക്കുന്നത്. രണ്ടു നിലകളിലായി 30,000 ചതുരശ്ര അടിയിൽ സജ്ജമാക്കിയിരിക്കുന്ന മ്യൂസിയത്തിൽ നാലായിരത്തോളം ജന്തുവർഗവുമായി ബന്ധപ്പെട്ട കാഴ്ചകളുണ്ട്​. എട്ട് വ്യത്യസ്ത ഗാലറികളിലായി 1800ലധികം പ്രദർശന വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാന രൂപം സജ്ജീകരിച്ച് ഒരുക്കിയ അന്യം നിന്ന ജീവികളുടെ ഗാലറി, ജന്തു-ഭൗമശാസ്ത്രപരമായി വേർതിരിക്കപ്പെട്ട സസ്തനികളുടെ ഗാലറി എന്നിവ പ്രധാന ആകർഷണങ്ങളാണ്. ആന, തിമിംഗലം എന്നിവ ഉൾപ്പെടെയുള്ള ജീവികളുടെ അസ്ഥികൂടങ്ങളും സ്​റ്റഫ് ചെയ്ത പക്ഷികളുടെ വിപുലമായ ശേഖരവും പ്രത്യേക ആകർഷണങ്ങളാണ്. വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർമാരായ ഡോ. റീന കെ.എസ്, പാളയം രാജൻ, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, മ്യൂസിയം ഡയറക്ടർ എസ്. അബു, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരള മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, നാചുറൽ ഹിസ്​റ്ററി മ്യൂസിയം സൂപ്രണ്ട് പി.വി. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.