കോവിഡ്: കേരളമടക്കം നാല് സംസ്ഥാനങ്ങൾ അതിജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

തിരുവനന്തപുരം: കോവിഡ് കേസുകളില്‍ അടുത്തിടെ വര്‍ധന രേഖപ്പെടുത്തിയ കേരളം, മഹാരാഷ്​ട്ര, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നാല് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡി​ൻെറ പുതിയ വകഭേദം രാജ്യത്തും എത്തിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറക്കരുത്. മറ്റുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തല്‍, ചികിത്സ എന്നിവ ഉള്‍പ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിർദേശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തില്‍ 5000ത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മഹാരാഷ്​ട്രയില്‍ 3700 ഓളവും ഛത്തിസ്ഗഢില്‍ ആയിരത്തോളവും ബംഗാളില്‍ 900ത്തോളവും പുതിയ കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. കേരളത്തില്‍ യു.കെയില്‍ കണ്ടെത്തിയ കോവിഡി​ൻെറ പുതിയ വകഭേദം ഇതുവരെ ആറുപേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.