ലൈഫ്മിഷൻ-മീഡിയവൺ സ്വപ്നഭവനം കൈമാറി

(ചിത്രം) ചവറ: ലൈഫ്മിഷനും മീഡിയവൺ ചാനലും കൈകോർത്ത് നിർമിച്ച സ്വപ്നഭവനം മലയാളത്തിൻെറ വാനമ്പാടി കെ.എസ്. ചിത്ര വിഡിയോ കോൺഫറൻസിലൂടെ കൈമാറി. വിധവയും നിരാലംബയുമായ പന്മന വടുതല മണപ്പുഴ വടക്കതിൽ രേണുക ലൈഫ് പദ്ധതി പ്രകാരം പന്മന പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചപ്പോൾ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ നിർമാണ അനുമതി ലഭിച്ചില്ല. 'മാധ്യമം' ഇത് വാർത്തയാക്കി. തുടർന്ന് കലക്ടർ പ്രത്യേക ഉത്തരവിറക്കി ഫയലിൽ കുരുങ്ങിക്കിടന്ന നിർമാണ അനുമതി തടസ്സം നീക്കി. പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നാല് ലക്ഷം രൂപ അനുവദിച്ചു. ചതുപ്പ് പ്രദേശമായതിനാൽ ഈ തുക കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യംവന്നു. ജീവകാരുണ്യ പ്രവർത്തകനായ സിദ്ധിഖ് മംഗലശ്ശേരി, നെറ്റിയാട്ട് പൗരസമിതി പ്രസിഡൻറ് റാഫി നെറ്റിയാട്ട് എന്നിവരുടെ ശ്രമഫലമായി മീഡിയവൺ ചാനലിലെ സ്നേഹസ്പർശം പരിപാടിയിൽ രേണുകയുടെ ദുരിതകഥ സം​േപ്രക്ഷണം ചെയ്തു. 2.5 ലക്ഷം രൂപ അനുവദിച്ച് കൊണ്ട് മീഡിയവൺ ചാനലും, നാട്ടിലെ സുമനസ്സുകളും കൈകോർത്തതോടെ രേണുകയുടെ സ്വപ്നഭവനം യാഥാർഥ്യമായി. പറക്കമുറ്റാത്ത രണ്ട് മക്കളുമായി മഴ പെയ്താൽ വെള്ളം കയറുന്ന ഒറ്റമുറി ഷെഡിലാണ് രേണുക താമസിച്ചുവന്നത്. നെറ്റിയാട്ട് പൗരസമിതിയാണ് വീട് നിർമാണ മേൽനോട്ട ചുമതല നിർവഹിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. നിയാസ്, ഗ്രാമപഞ്ചായത്ത് മെംബർ മിനി, ജില്ല കോഓഡിനേറ്റർ ഇ.കെ. സിറാജ്, മീഡിയവൺ ഏരിയ കോഓഡിനേറ്റർ നാസർ കൊച്ചാണ്ടിശ്ശേരിൽ, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ്​ എ. അബ്​ദുൽ ജലീൽ, നെറ്റിയാട്ട് റാഫി, കോഞ്ചേരിൽ ഷംസുദ്ദീൻ, മെഹർഖാൻ ചേന്നല്ലൂർ, വെറൈറ്റി നവാസ്, കോക്കാട്ട് റഹിം, ഷാജഹാൻ പുതുശ്ശേരി, ഷാജി പുള്ളുവൻറയ്യത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.