കേശവദാസപുരത്ത്​ കൊല്ലപ്പെട്ട വയോധികയുടെ സ്വർണം വീട്ടിൽനിന്ന്​ കണ്ടെത്തി

തിരുവനന്തപുരം: കേശവദാസപുരത്ത്​ റിട്ട.​ സർക്കാർ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ പ്രതിക്ക്​ ​ ആഭരണങ്ങൾ മോഷ്ടിക്കാനായില്ലെന്ന്​ വ്യക്തമായി. മോഷ്ടിക്കപ്പെട്ടെന്ന്​ കരുതിയിരുന്ന സ്വർണാഭരണങ്ങൾ വയോധികയുടെ വീട്ടിൽനിന്ന്​ കണ്ടെടുത്തു. ഇതോടെ കൊലപാതകം എന്തിനായിരുന്നെന്ന കാര്യത്തിൽ സംശയം വർധിക്കുകയാണ്​. ഈമാസം ഏഴിനാണ്​ കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമയെ (68) ബംഗാൾ സ്വ​ദേശിയായ ആദം അലി (21) കൊന്ന്​ കിണറ്റിലെറിഞ്ഞത്​. സംഭവത്തിനു​ ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽനിന്ന്​ പിടികൂടിയിരുന്നു. 10​ ദിവസത്തെ പൊലീസ്​ കസ്റ്റഡിയിൽ വിട്ട പ്രതിയെ കഴിഞ്ഞദിവസം സംഭവസ്ഥലത്ത്​ കൊണ്ടുവന്ന്​ തെളിവെടുപ്പും നടത്തി. കൊലക്ക്​ ഉപയോഗിച്ച കത്തി സമീപത്തെ റോഡിൽനിന്ന്​ കണ്ടെടുത്തിരുന്നു. എന്നാൽ, മോഷ്ടി​ച്ചെന്ന്​ സംശയിച്ച സ്വർണം എവിടെയെന്ന്​ കണ്ടെത്താനായിരുന്നില്ല. താൻ സ്വർണം മോഷ്ടിച്ചില്ലെന്നാണ്​ പ്രതി ആവർത്തിച്ചിരുന്നത്​. അതിനിടെയാണ്​ വീട്ടിലെ റഫ്രിജറേറ്ററിന്​ സമീപത്തുനിന്ന്​ സ്വര്‍ണം കിട്ടിയെന്ന് ഭര്‍ത്താവ് ദിനരാജ് അറിയിച്ചതായി പൊലീസ് വ്യക്തമാക്കിയത്​. വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത്​ മനോരമ സ്വർണാഭരണങ്ങൾ ഊരിവെച്ചിരുന്നതായാണ്​ കരുതുന്നത്​. മോഷണംതന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസിന്‍റെ സംശയം. സ്വർണം കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്ന്​ വയോധികയെ കൊന്ന്​ കിണറ്റിലെറിഞ്ഞെന്നാണ്​ നിഗമനം​. മാനഭംഗ ശ്രമം നടന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്​. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.