അതിജീവിതക്കൊപ്പം എന്നതിനേക്കാൾ, സത്യത്തിനൊപ്പം -കുഞ്ചാക്കോ ബോബന്‍

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പം എന്നതിനേക്കാൾ, എല്ലാക്കാലത്തും സത്യത്തിനൊപ്പം നിൽക്കുക എന്നതായിരുന്നു താൻ സ്വീകരിച്ച നിലപാടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ന്നാ താൻ പോയി കേസ് കൊട്' സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ്​ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു താരത്തിന്‍റെ പ്രതികരണം. സിനിമയിലെ ഡാൻസ് ഇത്തരത്തിൽ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. തന്നെ തേടിയെത്തിയ ആൻ‌ഡ്രോയ്ഡ് കുഞ്ഞപ്പൻ വേണ്ടെന്ന് വെച്ചതിന്‍റെ പ്രായശ്ചിത്തമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം. രതീഷിന്‍റെ കാലുപിടിച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പാതി മലയാളി കൂടിയായ നടി ഗായത്രി ശങ്കർ പറഞ്ഞു. നിർമാതാവ് സന്തോഷ് ടി. കുരുവിള, ഗായകൻ ബിജു നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അരുൺ സി. തമ്പി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.