തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ നിലവിലെ പ്രതിസന്ധി മാനേജ്മെന്റ് മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് ടി.ഡി.എഫ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എം.എൽ.എ. ജനത്തിന് മുന്നിൽ ശമ്പളത്തിന് നീക്കിവെക്കുന്നത് കൊണ്ടാണ് ഡീസൽ വാങ്ങാൻ പണമില്ലാത്തത് എന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. യു.ഡി.എഫ് സർക്കാർ കാലത്ത് 42000 ജീവനക്കാരും 5300 ഷെഡ്യൂളുകളും ഓപറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 25800 ജീവനക്കാരും 3500 ഷെഡ്യൂളുകളുമാണ്. ഇടതുസർക്കാറിന്‍റെ വിവിധ ബജറ്റുകളിലായി 5000 ബസുകൾ വാങ്ങി നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ആറ് വർഷത്തിൽ കെ.എസ്.ആർ.ടി.സിക്ക് കിട്ടിയത് 110 ബസുകൾ മാത്രമാണ്. മനപ്പൂർവമായി ഉണ്ടാക്കിയ പ്രതിസന്ധിയല്ലാതെ മറ്റൊന്നും കെ.എസ്.ആർ.ടി.സിയിലില്ല. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം ജീവനക്കാരല്ല. സർക്കാർ ആവശ്യമായ സാമ്പത്തിക സഹായം നൽകി കെ.എസ്.ആർ.ടി.സിയുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം. മാർച്ചിലെ ശമ്പളം ജീവനക്കാർക്ക് കൊടുത്തത് ഏപ്രിൽ 18 നാണ്. ഏപ്രിലിലേത് േമയ് 20നും േമയിലേത് ജൂലൈ രണ്ടിനുമാണ്. ജൂൺ മാസത്തെ ശമ്പളം കൊടുത്തുതീർത്തതാകട്ടെ ആഗസ്റ്റ് അഞ്ചിനും. എന്നാൽ, ശമ്പളമുടക്കത്തിന്‍റെ പേരിൽ ഒരു സർവിസ് പോലും ജീവനക്കാർ മുടക്കിയിട്ടില്ല. അതേസമയം ശമ്പളം കിട്ടാത്ത സാഹചര്യത്തിലും ജോലി ചെയ്ത ജീവനക്കാരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കാനാണ് മാനേജ്മെന്റ് ശ്രമം. ഇതിനെക്കാൾ ഗൗരവം കുറഞ്ഞ കാരണങ്ങളുടെ പേരിലെ അനിശ്ചിതകാല പണിമുടക്ക് നടത്തിയിട്ടുളള ജീവനക്കാർ ഇത്രയധികം ഗൗരവമുള്ള വിഷയമായിട്ടും പണിമുടക്കിലേക്ക് നീങ്ങാത്തത് സ്ഥാപനത്തെയും പൊതുജനത്തെയും കരുതിയിട്ടാണ്. സംസ്ഥാനത്തിന്‍റെ കടം ദിനംപ്രതി കുമിഞ്ഞ് കൂടിയിട്ടും ഇതിന്‍റെ പേരിൽ ഒരു സർക്കാർ ജീവനക്കാരന്‍റെയും ശമ്പളം മുടങ്ങിയിട്ടില്ല. പക്ഷേ കടത്തിന്‍റെ കാര്യം പറഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാരന്‍റെ ശമ്പളം വൈകിപ്പിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ സർക്കാറും മാനേജ്മെന്റും ഒളിച്ചുകളി നടത്തുകയാണ്. കോടതിക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധത പോലും മാനേജ്മെന്റിനും സർക്കാറിനുമില്ല. ഓർഡിനറികൾ വ്യാപകമായി റദ്ദാക്കുന്നതിൽ എന്ത് ന്യായീകരണമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. മുഴുവൻ സർവിസുകളും സ്വിഫ്റ്റിലേക്ക് മാറ്റി കെ.എസ്.ആർ.ടി.സിയെ എങ്ങനെയും അടച്ചുപൂട്ടണമെന്നതാണ് മാനേജ്മെന്റിന്റെ മനോഭാവം. ഇത്രയധികം സർവിസുകൾ റദ്ദാക്കിയിട്ടും ഒരു പ്രതികരണവും സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം. സ്വിഫ്റ്റ് വിഷയത്തിൽ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേസിൽ ടി.ഡി.എഫ് അപ്പീൽ പോകുമെന്നും എം. വിൻസെന്‍റ് കൂട്ടിച്ചേർത്തു. എസ്.കെ. മണി, വി.ജി. ജയകുമാരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.