മഴയുടെ മറവിൽ ആളിയാറിലെ അധിക ജലം പാഴാക്കി തമിഴ്​നാട്​

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാർ (പി.എ.പി) കരാർ പ്രകാരം കേരളത്തിന്​ ലഭിക്കേണ്ട അധിക പ്രളയ ജലം ലഭിക്കാതിരിക്കാൻ​ ആളിയാർ ഡാമിൽനിന്ന്​ ചിറ്റൂർ പുഴയിലേക്ക്​ വെള്ളം ഒഴുക്കിവിട്ട്​ തമിഴ്നാട്​. ആളിയാർ ഡാം പ്രദേശത്ത്​ ഇപ്പോൾ കനത്ത മഴയില്ലെന്നാണ്​​ ജലസേചന വകുപ്പിന്‍റെ​ നിഗമനം. പി.എ.പി കരാർ പ്രകാരം ആളിയാർ ഡാമിൽനിന്ന്​ ചിറ്റൂർപുഴയിൽ പ്രതിവർഷം 7.25 ടി.എം.സി അടി വെള്ളമാണ്​ തമിഴ്​നാട്​ കേരളത്തിന്​ നൽകേണ്ടത്​. ജോയന്‍റ്​ വാട്ടർ റെഗുലേഷൻ ബോർഡ്​ (ജെ.ഡബ്ല്യു.ആർ.ബി) ഇത്​ നിരീക്ഷിക്കും. ആളിയാറിൽനിന്ന്​ തുറന്നുവിടുന്ന വെള്ളം മൂലത്തറ വഴി മണത്തറ എത്തുമ്പോൾ അളവിൽ കുറവ്​ വരുന്നത്​ പരിഹരിക്കാൻ 15 ശതമാനം അധികമാണ്​ തമിഴ്​നാട്​ ഒഴുക്കുന്നത്​. ഇതിനുപുറമേ മഴക്കാലത്ത്​ ലഭിക്കുന്ന അധിക പ്രളയജലത്തിന്‍റെ പൂർണ അവകാശം ​കേരളത്തിനാണ്​. ആ ജലമാണ്​ ഇപ്പോൾ മഴയുടെ മറവിൽ തമിഴ്​നാട്​ ചിറ്റൂർ പുഴയിലേക്ക്​ ഒഴുക്കുന്നത്​​. ആളിയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത്​ വടക്കുകിഴക്കൻ കാലവർഷത്തിലാണ്​ മഴ ലഭിക്കുന്നത്​. പി.എ.പി കരാറിൽ ഇരുസംസ്ഥാനങ്ങളും ഏർപ്പെട്ട അരനൂറ്റാണ്ടിനിടെ അഞ്ചോ ആറോ തവണയാണ്​ ആഗസ്റ്റിൽ ആളിയാർ അണക്കെട്ടിൽനിന്ന്​ വെള്ളം ഒഴുക്കിവിടേണ്ടി വന്നിട്ടുള്ളത്​. സാധാരണ​ നവംബറിലാണ്​ അണക്കെട്ട്​ തുറന്നുവിടുന്നത്​. അക്കാലത്താണ്​ കേരളത്തിന്​ വെള്ളം ഉപയോഗിക്കാൻ സാധിക്കുന്നത്​. നിലവിൽ മഴയത്ത്​ ലഭിച്ച അധികജലം സംഭരിക്കാൻ സാധിക്കുമായിരുന്നിട്ടും ഒഴുക്കിവിടുന്നത്​ അധിക ജലം കേരളം ഉപയോഗിക്കുന്നില്ലെന്ന്​ കരാർ പുതുക്കൽ ചർച്ചയിൽ തമിഴ്​നാടിന്​ ഉന്നയിക്കാനാണെന്ന്​ അന്തർസംസ്ഥാന നദീജല വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. പി.എ.പി കരാറിന്​ വിരുദ്ധമായി അവിടത്തെ വെള്ളം ഉപയോഗിക്കാൻ മധുരക്ക്​ അടുത്ത്​ ഓട്ടൻഛത്രം, കീരനൂർ, നെയ്ക്കര​െപ്പട്ടി എന്നിവിടങ്ങളിൽ 930 കോടിയുടെ ഡാമുകളടക്കം മൂന്ന്​ ജലസേചന പദ്ധതികൾ ആരംഭിക്കാൻ തമിഴ്​നാട്​ സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്​. ആളിയാർ നദിയിൽനിന്നുള്ള ജലമാണ്​ ഇതിനായി ഉപയോഗിക്കുന്നത്​. നിലവിലുള്ള 7.25 ടി.എം.സി അടി വെള്ളത്തിൽ കുറവ്​ വരില്ലെങ്കിലും കേരളത്തിന്​ പ്രളയ മഴയിൽ ലഭിക്കേണ്ട അധിക ജലം കവർന്നെടുക്കുകയാണ്​ തമിഴ്​നാട്​ ലക്ഷ്യം​. കെ.എസ്​. ശ്രീജിത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.