തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിന്‍റെ വിചാരണ നാളെ ആരംഭിക്കാനിരിക്കെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചേക്കും. വിചാരണ വൈകുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ച ഹരജിക്കാരാണ് സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷം 16 കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തത് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയായ ജോർജ് വട്ടുകളമാണ് ഹൈകോടതിയെ സമീപിച്ചത്. വിചാരണ നീണ്ടുപോയതിനെക്കുറിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോട് ഹൈകോടതി റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച മജിസ്ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ മുഖ്യമന്ത്രിയെയും സമീപിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ആന്‍റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ എസ്.കെ. രഞ്ചു ഭാസ്കറിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. ഈ അഭിഭാഷകനിൽനിന്ന് താൽപര്യപത്രം വാങ്ങി നൽകാൻ ജോർജ് വട്ടുകുളത്തിനോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരായ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന കാര്യം അഭിഭാഷകൻ രഞ്ചു ഭാസ്കറും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേസിലെ ഒന്നാം സാക്ഷിയായ തിരുവനന്തപുരം സെഷൻസ് കോടതിയിലെ മുൻ ശിരസ്താർ ഗോപാലകൃഷ്ണനോട് മൊഴി നൽകാൻ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് മുമ്പായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.