പഴവും പച്ചക്കറികളും ഇനി ശീതീകരിച്ച വാഹനങ്ങളിൽ

തിരുവനന്തപുരം: കൃഷി വകുപ്പിന്‍റെ കാർഷിക വിപണി ശാക്തീകരിക്കൽ പദ്ധതിപ്രകാരം പഴം-പച്ചക്കറി വിപണനത്തിനായി ശീതീകരണ സംവിധാനമുള്ള 10 വാഹനങ്ങൾ നിരത്തിലേക്ക്​. സെക്രട്ടേറിയറ്റ്​ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്​ ഓഫ്​ ചെയ്തു. കൃഷി മന്ത്രി പി. പ്രസാദ്, മന്ത്രി ആന്‍റണി രാജു എന്നിവർ സംബന്ധിച്ചു. ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഹോർട്ടികോർപ്​, കാർഷികോൽപാദക സംഘങ്ങൾ എന്നിവയാണ് വാഹനങ്ങളുടെ ഗുണഭോക്താക്കൾ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും മറ്റ് ഏജൻസികൾക്ക് 100 ശതമാനം സബ്സിഡി നിരക്കിലുമാണ് വാഹനങ്ങൾ ഏർപ്പെടുത്തിയത്. 19 വാഹനങ്ങളിൽ ആദ്യഘട്ടത്തിലെ 10 എണ്ണമാണ് നിരത്തിലിറങ്ങിയത്. കേരള ലാൻഡ് ഡെവലപ്മെന്‍റ്​ കോർപറേഷനാണ് പദ്ധതി നിർവഹണ ഏജൻസി. 800 കിലോ വരെ ഭാരം കയറ്റാവുന്ന 1200 സി.സി റീഫർ വാനുകളിൽ ആറ് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ പഴം-പച്ചക്കറികൾ ആറ് മണിക്കൂർ വരെ ഫ്രഷ് ആയി സൂക്ഷിക്കാം. തിരുവനന്തപുരം നന്ദിയോട് സർവിസ് കോഓപറേറ്റിവ് ബാങ്ക്, കൊല്ലം ജില്ല കന്നുകാലി ആൻഡ് ഹോർട്ടികൾചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ്​ സൊസൈറ്റി ഇട്ടിവ, പത്തനംതിട്ട എലത്തൂർ സർവിസ് സഹകരണ ബാങ്ക്, കോയിപ്ര ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷൻ, ആലപ്പുഴ ഭരണിക്കാവ് സർവിസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി പി.ഡി.എസ്, ഹോർട്ടി കോർപ്​, കോട്ടയം നീലോർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഇടുക്കി മംഗളം സർവിസ് സഹകരണ ബാങ്ക്, നെയ്​ശേരി അഗ്രോ ഫുഡ് പ്രൊഡ്യൂസർ കമ്പനി എന്നിവക്കാണ്​ വാഹനം നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.