ഒടുവിൽ കോട്ടൺഹിൽ സ്കൂൾ ഹെഡ്​മാസ്റ്റർ തെറിച്ചു; പകരം സിറ്റി സ്കൂൾ ഹെഡ്​മിസ്​ട്രസിന്​ നിയമനം

തിരുവനന്തപുരം: പി.ടി.എ ഫണ്ട്​ തട്ടിപ്പും അബ്കാരി കേസും ഉൾപ്പെടെയുള്ള പരാതികൾ നിലനിന്ന കോട്ടൺഹിൽ ഗവ. ഗേൾസ്​ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്​മാസ്റ്റർ എ. വിൻസെന്‍റ്​ ഒടുവിൽ തെറിച്ചു. ഇ​ദ്ദേഹത്തെ കൊല്ലം കുളത്തൂപ്പുഴ ഗവ. എച്ച്​.എസ്​.എസിലേക്കാണ്​ സ്ഥലം മാറ്റിയത്​. പകരം തിരുവനന്തപുരം പി.എം.ജി ഗവ. സിറ്റി വി.എച്ച്​.എസ്​.എസ്​ ഹെഡ്​മിസ്​ട്രസ്​ പി.ബി. ഷാമിയെ കോട്ടൺഹിൽ സ്കൂളിലേക്ക്​ മാറ്റിനിയമിച്ചു. കുളത്തൂപ്പുഴ ഗവ. എച്ച്​.എസ്​.എസിലെ ഹെഡ്​മിസ്​ട്രസ്​ എസ്​. ജിജിയെ തിരുവനന്തപുരം ഗവ. സിറ്റി വി.എച്ച്​.എസ്​.എസിലേക്കും മാറ്റിനിയമിച്ചു. ഭരണപരമായ സൗകര്യാർഥമാണ്​ സ്ഥലംമാറ്റമെന്നാണ്​ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നതെങ്കിലും സ്കൂളുമായി ബന്ധ​പ്പെട്ട്​ സമീപകാലത്ത്​ ഉയർന്ന വിവാദങ്ങളുടെ പശ്ചാ​ത്തലത്തിലാണ്​ സ്ഥലംമാറ്റം. ഉത്തരവിറങ്ങിയതിന്​ പിന്നാലെ ചൊവ്വാഴ്ച ഉച്ചക്ക്​ സ്കൂളിൽ ചുമതലയേൽക്കാൻ എത്തിയ പുതിയ ഹെഡ്​മിസ്​ട്രസ്​ പി.ബി. ഷാമിക്ക്​ ചുമതല കൈമാറാൻ ആദ്യം വിൻസെന്‍റ്​ തയാറായില്ല. തനിക്ക്​ സ്ഥലംമാറ്റ ഉത്തരവ്​ ലഭിച്ചില്ലെന്ന്​ പറഞ്ഞായിരുന്നു ചുമതല കൈമാറാൻ വിസമ്മതിച്ചത്​. ഇതോടെ വിദ്യാഭ്യാസ വകുപ്പിൽനിന്ന്​ ഇടപെടലുണ്ടായി. ഉത്തരവ്​ സ്കൂളിലെ ഔദ്യോഗിക ഇ- മെയിലിൽ അയച്ചതായും അതുപ്രകാരം അടിയന്തരമായി ചുമതല കൈമാറി വിടുതൽ ചെയ്യാനും നിർദേശം ലഭിച്ചു. പിന്നാലെയാണ്​ ചുമതല കൈമാറ്റമുണ്ടായത്​. നേരത്തേ അച്ചൻകോവിൽ സ്കൂളിൽ ജോലി ചെയ്യുന്നതിനിടെയാണ്​ ഇദ്ദേഹം അബ്​കാരി കേസിൽ അകപ്പെടുന്നത്​. അച്ചടക്ക നടപടിക്ക്​ വിധേയനായ ഇ​ദ്ദേഹത്തെ പിന്നീട് കഴിഞ്ഞ വർഷം ജൂലൈയിൽ ​നിയമിച്ചത്​ സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ സ്കൂളി​ലേക്കായിരുന്നു. പി.ടി.എ ഫണ്ട്​ തട്ടിപ്പ്​ ഉൾപ്പെടെ നാല്​ പരാതികളാണ്​ ഇതിനകം ഹെഡ്​മാസ്റ്റർക്കെതിരെ സ്കൂൾ മാനേജ്​മെന്‍റ്​ കമ്മിറ്റി (എസ്​.എം.സി), അധ്യാപകർ, ജീവനക്കാർ ഉൾപ്പെടെ നൽകിയത്​. ഇതിൽ നടപടി നിർദേശിച്ച ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്​ ഉൾപ്പെടെ പൂഴ്ത്തിവെച്ചാണ്​ ഹെഡ്​മാസ്റ്ററെ സംരക്ഷിച്ചത്​. സ്കൂളിൽ ചെറിയ ക്ലാസിലെ കുട്ടികൾക്ക്​ നേരെയുണ്ടായ റാഗിങ്​ പരാതിക്ക്​ പിന്നാലെയാണ്​ ഹെഡ്​മാസ്റ്റർക്കെതിരെ നടപടി വേണമെന്ന്​ ആവശ്യമുയർന്നത്​. പരിശോധിച്ച്​ നടപടിയെടുക്കുമെന്ന്​ വിദ്യാഭ്യാസമന്ത്രി ഉറപ്പുനൽകിയതിന്​ പിന്നാലെയാണ്​ സ്ഥലംമാറ്റം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിന്‍റെ തലപ്പത്ത്​ അധ്യാപികയെ കൊണ്ടുവരണമെന്ന ആവശ്യവും പുതിയ നിയമനത്തിൽ നടപ്പാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.