കന്നിയമ്മാൾ വധം: വിചാരണ പൂർത്തിയായി, വിധി അഞ്ചിന്​

തിരുവനന്തപുരം: കന്നിയമ്മാൾ വധക്കേസിന്‍റെ വിചാരണ പൂർത്തിയായി, ശിക്ഷ ഈമാസം അഞ്ചിന്​ വിധി പ്രഖ്യാപിക്കും. ശ്രീവരാഹം മുക്കോലയ്ക്കൽ എസ്.കെ നിവാസിൽ വാടകക്ക്​ താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണയാണ്​ ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. വിഷ്ണു മുമ്പാകെ പൂർത്തിയായത്​. സംശയരോഗത്തെ തുടർന്ന് ഭർത്താവ് മാരിയപ്പൻ (45) കന്നിയമ്മയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ്​ കേസ്​. 2018 സെപ്​റ്റംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. കൃത്യത്തിന് മൂന്നാം നാൾ തിരുനൽവേലിയിൽനിന്നും ഫോർട്ട് പൊലീസ് മാരിയപ്പനെ കസ്റ്റഡിയിലെടുത്തു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയമായ തെളിവുകളെയുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി. 27 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 41 രേഖകളും 25 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഫോർട്ട് പൊലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ അജി ചന്ദ്രൻ നായരാണ് കുറ്റപത്രം ഹാജരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.