ജെറോമിക്​ ജോർജ്​ തിരുവനന്തപുരം കലക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: ജില്ല കലക്ടറായി ജെറോമിക് ജോര്‍ജ്​ ചുമതലയേറ്റു. നിലവിലെ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് ചുമതല കൈമാറിയത്. ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണറായിരുന്നു ജെറോമിക് ജോർജ്​. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന്​ കലക്ടർ പറഞ്ഞു. മഴക്കെടുതി അവലോകനയോഗവും തുടർനടപടികളെക്കുറിച്ച്​ ചര്‍ച്ചയും നടത്തും. ജില്ലയിൽ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് പഠിച്ചശേഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാലാ സ്വദേശിയായ ജെറോമിക് ജോർജ്​ വിദ്യാഭ്യാസ കാലഘട്ടം ചെലവഴിച്ചത് ഡല്‍ഹിയിലാണ്​. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന്​ ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്‌സിൽ ബിരുദവും സെൻട്രൽ യൂനിവേഴ്സിറ്റിയിൽനിന്ന്​ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2015ലാണ് സിവില്‍ സര്‍വിസില്‍ പ്രവേശിക്കുന്നത്. കണ്ണൂര്‍ അസി. കലക്ടറായും ഒറ്റപ്പാലം സബ്കലക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലാ സ്വദേശി സ്മൃതി ഇമ്മാനുവല്‍ ആണ് ഭാര്യ. മൂന്ന് വയസ്സുകാരിയായ മകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.