വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊല്ലം വിക്‌ടോറിയ ആശുപത്രി, കോഴിക്കോട് ജില്ല ആശുപത്രി, കണ്ണൂര്‍ ഇ.കെ. നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് വന്ധ്യതാ ചികിത്സയുള്ളത്. നിലവിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്ക് സ്വതന്ത്ര യൂനിറ്റാക്കി വിപുലീകരിക്കും. ഇന്ത്യയില്‍ തന്നെ റീപ്രൊഡക്ടീവ് മെഡിസിന്‍ ആൻഡ്​ സര്‍ജറിയില്‍ എം.സി.എച്ച് ഡിഗ്രി കോഴ്‌സുള്ള ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്.എ.ടി ആശുപത്രി. അവിടെ കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളൊരുക്കും. കോട്ടയം, എറണാകുളം മെഡിക്കല്‍ കോളജുകളിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും. എല്ലായിടത്തും അത്യാധുനിക വന്ധ്യതാ ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.