മരച്ചീനിയുടെ കായ്​ മുളപ്പിച്ച് പുതിയയിനം കണ്ടെത്തി ഗ്രാമീണ കര്‍ഷകന്‍

വെള്ളറട: . രണ്ടേക്കറോളം ഭൂമിയിലെ കൃഷിയിടത്തിലാണ് കായകള്‍ മുളപ്പിച്ച് ഗ്രാമീണ കര്‍ഷകന്‍ ഉയര്‍ന്ന വിളവും രുചിയുമുള്ള ഇനം വികസിപ്പിച്ചത്. വെള്ളറട പനച്ചമൂട് രമേഷ് ഭവനില്‍ സി. തങ്കപ്പന്‍ വികസിപ്പിച്ച ഇനത്തിന്റെ ഒരു മൂട്ടില്‍നിന്ന് 20 കിലോവരെ കിഴങ്ങ് ലഭ്യമാകുന്നുണ്ട്. വെള്ളറട കൃഷി ഓഫിസര്‍ എല്‍.എസ്. ബൈജു, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സിന്ധു, കൃഷി അസിസ്റ്റന്റ് ജെ.കെ. ദീപ, രമേശ് എന്നിവരോടൊപ്പം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. ജി. ബൈജു, ഡോ. ഷര്‍ലി റെയിച്ചല്‍ അനില്‍, ഡോ. എല്‍.കെ. ഭാരതി, സീനിയര്‍ ടെക്‌നീഷ്യന്‍ ഡി.ടി. റെജിന്‍ എന്നിവര്‍ കൃഷിയിടം സന്ദര്‍ശിച്ച്​ പരിശോധനകള്‍ നടത്തി. സി.ടി.സി.ആര്‍.ഐ വികസിപ്പിച്ചെടുത്ത ഇനമായ ശ്രീ പവിത്രയും സാമാന്യം നല്ല വിളവ്​ നല്‍കുന്ന ഇനമായ ഉള്ളിച്ചുവലയും തമ്മില്‍ പ്രാണികള്‍ വഴിയുള്ള പരാഗണത്തിലൂടെയുണ്ടായ സങ്കരയിനമാണ് പുതിയ മരച്ചീനി വിള. പ്രകൃത്യാലുള്ള പരാഗണത്തില്‍ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണം. കൂടുതല്‍ പഠനം നടത്തിയശേഷം കര്‍ഷകന്‍ വികസിപ്പിച്ച ഇനമായി അംഗീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. ജി. ബൈജു പറഞ്ഞു. പരമ്പരാഗത രീതിയില്‍ മരച്ചീനിയുടെ കമ്പ്​ മുറിച്ചുനട്ടാണ് പുതിയ തൈകള്‍ മുളപ്പിച്ചെടുക്കുന്നത്. എന്നാല്‍ തങ്കപ്പന്‍ തന്റെ കൃഷിയിടത്തിലെ മരച്ചീനിലെ കായ്​ മുളപ്പിച്ച് മികച്ചവ തെരഞ്ഞെടുത്ത് കൃഷി ചെയ്യുകയായിരുന്നു. പുതിയ ഇനത്തിന് ഒമ്പതുമാസത്തില്‍ വിളവെടുക്കാം. മരച്ചീനി വിത്തുകളില്‍ നിന്നും മുളപ്പിച്ചുവരുന്ന വിവിധ മരച്ചീനി ചെടികള്‍ വര്‍ഷങ്ങളോളം നിരീക്ഷിച്ച് അതില്‍ നിന്നും വിളവിലും രുചിയിലും ഏറ്റവും നല്ലത് തെരഞ്ഞെടുത്താണ് പുതിയ ഇനം വികസിപ്പിച്ചതെന്ന് തങ്കപ്പന്‍ പറഞ്ഞു. കമ്പിന്റെ ഉള്‍ഭാഗത്തിനും കിഴങ്ങിനും മഞ്ഞനിറവും കിഴങ്ങ്​ നല്ല സ്വാദിഷ്ടവും പോഷകഗുണമേറിയതുമാണ്. ചിത്രം. ശാസ്ത്രജ്ഞരും കൃഷിഭവന്‍ ജീവനക്കാരും തങ്കപ്പനൊപ്പം കൃഷിയിടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.