സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി -എസ്​.എസ്.​ ലാൽ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്​ പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിച്ച ഡോ. എസ്.എസ്. ലാൽ. 'ജീവിതത്തിൽ ആദ്യമായി സി.പി.എമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ്, സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' എന്ന്​ ഫേസ്​ബുക്കിൽ കുറിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച്​ തോറ്റപ്പോൾ ഡോ. ലാലിനെ തോറ്റ ആരോഗ്യമന്ത്രിയെന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സി.പി.എം പരിഹസിച്ചിരുന്നു. അതേ വാക്കുകൾ ഉപയോഗിച്ചാണ്​ ലാലിന്‍റെ തിരിച്ചടി. തൃക്കാക്കരയിൽ മത്സരിച്ച്​ പരാജയപ്പെട്ട എൽ.ഡി.എഫിലെ ഡോ. ജോ ജോസഫിനോടും ചിലത്​ പറയുന്നുണ്ട്​. 'ഇനി എന്റെ ഡോക്ടർ അനിയനോട്; വിഷമിക്കരുത്. അനിയൻ യഥാർഥത്തിൽ രക്ഷപ്പെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാർട്ടിയിലാണ് താങ്കൾ കഴിഞ്ഞമാസം ഓടിക്കേറിയത്. ആശ്വസിക്കാൻ ഒരു വകയുണ്ട്. സി.പി.എം ചെയ്തതുപോലെ കോൺഗ്രസ് പാർട്ടി ബി.ജെ.പിയുമായി അഡ്​ജസ്റ്റ്മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപ്പെട്ടത്. അനിയൻ ഹൃദയചികിത്സ തുടരണം. പാർട്ടി നോക്കാതെ. അഥവ രാഷ്ട്രീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേക്ക്​ വരണം. ഇവിടെ ഒരുപാട് ഡോക്ടർമാരുണ്ട്. പഴയതുപോലെ അവർ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാധ്യമങ്ങളും കാമറയുമുണ്ട്‌' -ലാൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.