തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടയിൽ ഹൃദ്രോഗംമൂലം മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ പുനഃരന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷൻ. മത്സ്യത്തൊഴിലാളിയുടെ മരണത്തിൽ ഭാര്യ ദുരൂഹതയാരോപിച്ച സാഹചര്യത്തിൽ അഞ്ചുതെങ്ങ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനരന്വേഷണം വേണമെന്നാണ് കമീഷൻ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവ് നൽകിയത്. 2019 ഫെബ്രുവരി 24നാണ് അഞ്ചുതെങ്ങ് സ്വദേശി ആൽബി തോമസ് മത്സ്യബന്ധനത്തിനിടയിൽ ബോട്ടിൽ തലയിടിച്ചുവീണ് മരിച്ചത്. ആൽബി തോമസിൻെറ ഭാര്യ ജസീന്തയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കമീഷനെ സമീപിച്ചത്. അഞ്ചുതെങ്ങ് പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം 186/19 നമ്പർ കേസ് പുനരന്വേഷിക്കാനാണ് ഉത്തരവ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന തൻെറ ആവശ്യം പൊലീസ് നിരസിച്ചെന്നും ചിറയിൻകീഴ് ആശുപത്രിയിലാണ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. മരണകാരണം ഹൃദ്രോഗമാണെന്നാണ് റിപ്പോർട്ടിലുള്ളതെന്നും തൻെറ ഭർത്താവിന് ഹൃദ്രോഗം ഉണ്ടായിരുന്നില്ലെന്നും ഭാര്യ ചൂണ്ടിക്കാട്ടുന്നു. ആൽബി തോമസിൻെറ മരണം ഹൃദ്രോഗം കാരണമാണെന്നും സ്വാഭാവിക മരണമായി പരിഗണിച്ച് കോടതി ഫയലിൽനിന്നും കുറവുചെയ്തിട്ടുണ്ടെന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പി കമീഷനെ അറിയിച്ചു. പരാതിക്കാരി സമർപ്പിച്ച അപകട മരണ ഇൻഷുറൻസിനുള്ള ധനസഹായം സാങ്കേതിക കാരണങ്ങളാൽ നിരസിക്കപ്പെട്ടു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും ലഭിക്കുന്ന 50,000 രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചില്ല. കൺസൾട്ടന്‍റ് പീഡിയാട്രീഷ്യനാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് പരാതിക്കാരി ആരോപിച്ചു. പൊലീസ് തന്നെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. സാക്ഷികളെയും പൊലീസ് കണ്ടിട്ടില്ല. പുനഃരന്വേഷണത്തിൽ പരാതിക്കാരിയെയും സാക്ഷികളെയും കേൾക്കണമെന്നാണ് കമീഷൻ നിർദേശം. അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.