* വെള്ളിയാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും വിഷയം പരിഗണിച്ചില്ല. തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളക്കാര്യത്തിൽ ഇടപെടുകയും പരിഹരിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിൽ. താൻ കെ.എസ്.ആർ.ടി.സിയുടെ കണക്കപ്പിള്ളയല്ലെന്ന് തുറന്ന് പറഞ്ഞും വഴിമാറിയും ഗതാഗതമന്ത്രി. ഏറെ പ്രതീക്ഷിച്ചിരുന്ന വെള്ളിയാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും വിഷയം പരിഗണിച്ചില്ല. സി.എം.ഡിയാകട്ടെ വിദേശയാത്രയിലും. ശമ്പളം മുടങ്ങി രണ്ടാഴ്ചയാകുമ്പോഴും കടുത്ത അനിശ്ചിതത്വത്തിലാണ് ജീവനക്കാർ. 'വായ്പക്കായി ശ്രമം തുടരുന്നു'വെന്നല്ലാതെ എന്ന് ശമ്പളം നൽകാനാകുമെന്ന് ഇനിയും മാനേജ്മെന്റിന് ഉറപ്പിച്ച് പറയാനാകുന്നില്ല. 30 കോടിയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളത്. ഇനി ആവശ്യമുള്ള 50 കോടിയോളം രൂപക്കായി വായ്പയെടുക്കാനാണ് നീക്കം. ഒരാഴ്ചയായി വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. കെ.എസ്.ആർ.ടി.സിയുടെ നേരത്തേയുള്ള ബാധ്യതകൾ തീർക്കാൻ എടുത്ത 3000 കോടിയുടെ കൺസോർട്യം വായ്പ വ്യവസ്ഥകളാണ് പ്രധാന തടസ്സം. കൺസോർട്യം വായ്പ കാലയളവിൽ മറ്റ് വായ്പകൾ വാങ്ങരുതെന്നാണ് വ്യവസ്ഥ. വായ്പ നൽകാൻ സർക്കാർ ഗാരന്‍റിയാണ് കെ.ടി.ഡി.എഫ്.സി മുന്നോട്ടുവെക്കുന്നത്. വായ്പനീക്കങ്ങൾ ചടുലമാക്കാൻ കെ.എസ്.ആർ.ടി.സി തലപ്പത്തും ആളില്ല. ശമ്പള പ്രതിസന്ധിയിൽ വെട്ടിലായത് ഭരണാനുകൂല സംഘടനകളാണ്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയെ ഇടപെടുവിക്കാൻ ശ്രമം നടന്നെങ്കിലും ഫലം കണ്ടിട്ടില്ല. അദ്ദേഹം തൃക്കാക്കര തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്. വിഷയത്തിൽ ഇടപെടേണ്ട മുതിർന്ന ട്രേഡ് യൂനിയൻ നേതാക്കളും പ്രചാരണത്തിലാണ്. മുഖ്യമന്ത്രിക്ക് എ.ഐ.ടി.യു.സി കത്ത് നൽകിയിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. വിഷയം ഇടതുമുന്നണിയിൽ ഉന്നയിക്കാനാണ് സി.പി.ഐ നീക്കം. നേരത്തേ കെ.എസ്.ആർ.ടി.സിയിൽ എ.ഐ.ടി.യു.സി നടത്തിയ പണിമുടക്കിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും തൊഴിലാളി സംഘടനകളും സംയമനത്തിലാണ്. എടുത്തുചാടിയൊരു പണിമുടക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായം പ്രതിപക്ഷ സംഘടനകള്‍ക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.