അംഗപരിമിതനെ ജീപ്പിലേക്ക് പിടിച്ചുതള്ളി സംഭവം: എസ്.ഐക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: അംഗപരിമിതനും രോഗിയുമായ വ്യക്തിയെ പൊലീസ് ജീപ്പിനകത്തേക്ക് പിടിച്ചുതള്ളിയതിനെതുടർന്ന് നിലത്ത് വീണ് പരിക്കേറ്റെന്ന പരാതിയിൽ ബാലരാമപുരം എസ്.ഐക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ഡിവൈ.എസ്​.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് റൂറൽ ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. തിരുമല വലിയവിള സ്വദേശി ഷംനാദ് സമർപ്പിച്ച പരാതിയിലാണ് നടപടി. കേസ് സംബന്ധിച്ച് നെയ്യാറ്റിൻകര ഡിവൈ.എസ്​.പി കമീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പരാതിക്കാരൻ വീട് നിർമിക്കുന്ന സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ കോടതി തടഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷിക്കാനാണ് എസ്.ഐ സ്ഥലത്ത് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോഴാണ് അംഗപരിമിതനായ അദ്ദേഹം വീണത്. തല ജീപ്പിൽ ഇടിച്ച ഇയാളെ തുടർന്ന് പൊലീസുകാർ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. പരാതിക്കാരൻ അംഗപരിമിതനാണെന്ന് എസ്.ഐ ഹരിലാലിന് അറിയില്ലായിരുന്നു. ഉത്തരവാദപ്പെട്ട പൊലീസുദ്യോഗസ്ഥൻ എന്ന നിലയിൽ സിവിൽ സ്വഭാവമുള്ള ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ എസ്.ഐക്ക് ജാഗ്രതക്കുറവുണ്ടായെന്നും വകുപ്പുതലത്തിൽ താക്കീത് നൽകിയെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, അംഗപരിമിതനായ വ്യക്തിയുടെ തല ജീപ്പിലിടിച്ച് താഴെ വീണത് യാദൃച്ഛികമാണെന്ന് കരുതാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.