തൃശൂർ: കോർപറേഷനിൽ ഇക്കുറി മേയർ സ്ഥാനത്തേക്ക് വനിതകളുടെ ഊഴമായതിനാൽ മത്സരത്തിന് മടിച്ച് പുരുഷ നേതാക്കൾ. ഇടത്, വലത്, തീവ്ര വലത് മുന്നണികളിലെ സ്ഥാനാർഥികൾക്കാണ് മത്സര രംഗത്തോട് വിമുഖത. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പല നേതാക്കളും മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വങ്ങളെ അറിയിച്ചുകഴിഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അപ്പോൾ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെടുന്നതിന് കോർപറേഷൻ കൗൺസിൽ സ്ഥാനം തടസമാകുമെന്ന് കരുതി മത്സരരംഗത്തുനിന്നും വിട്ടുനിൽക്കുന്നവരുമുണ്ട്.
വിട്ടുനിൽക്കുന്നവരിൽ പ്രധാനി കോർപറേഷനിലെ പാർലമെന്ററി പാർട്ടി നേതാവും കോൺഗ്രസിലെ മുതിർന്ന നേതാവുമായ രാജൻ പല്ലൻ ആണ്. മുൻ മേയറും നിലവിലെ പ്രതിപക്ഷ നേതാവുമായ രാജൻ പല്ലൻ ഇക്കുറി മത്സരിക്കുന്നില്ല. കോർപറേഷൻ ഗാന്ധി നഗർ ഡിവിഷനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഇക്കുറി ഈ വാർഡ് വനിതാ സംവരണ വാർഡാണ്. സുബി ബാബു ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് രാജൻ പല്ലൻ.
തനിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്നും ഡെപ്യൂട്ടി മേയർ സ്ഥാനം ഏറ്റെടുത്താൽ അതിന് തടസമാകുമെന്നും രാജൻ പല്ലൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തൃശൂർ മണ്ഡലത്തിൽ വർഷങ്ങളായി പാർട്ടി ക്രിസ്ത്യൻ സ്ഥാനാർഥികളെ പരിഗണിച്ചിട്ടില്ലെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മത്സര രംഗത്തില്ലെങ്കിലും കോർപറേഷനിലേക്കുള്ള മത്സരത്തിന്റെ ഏകോപന ചുമതല രാജൻ പല്ലനാണ്. സി.പി.എം, സി.പി.ഐ,ബി.ജെ.പി പാർട്ടികളിലും സമാന അവസ്ഥ തന്നെയാണുള്ളത്.
കോർപറേഷനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോഴും ഇനിയും മേയർ സ്ഥാനത്തേക്ക് ഒരാളെ ഉയർത്തിക്കാട്ടാൻ ഈ പാർട്ടികൾക്കായിട്ടില്ല. മേയറെ മുൻനിർത്തി കോർപറേഷൻ ഭരണത്തിന് നേതൃത്വം കൊടുത്ത സി.പി.എമ്മിലെ നേതാക്കൾ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. എൻ.ഡി.എ ചൊവ്വാഴ്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടുണ്ട്. ഇടതു-വലതു മുന്നണികൾ വിട്ടുവരുന്നവരെ പരമാവധി മത്സരത്തിനിറക്കാനാണ് എൻ.ഡി.എ തീരുമാനം.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ മുന്നിൽ നിർത്തി എങ്ങനെയും കോർപറേഷൻ ഭരണം കൈക്കലാക്കുക എന്നതും ബി.ജെ.പി ലക്ഷ്യമിടുന്നു. കോർപറേഷനിലേക്ക് മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളുടെയും ലിസ്റ്റ് കോൺഗ്രസ് പുറത്തുവിട്ടു. 52 ഡിവിഷനുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുക. ശനിയാഴ്ച രാത്രിയോടെ ഇടതുമുന്നണിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ഇനി കടുത്ത പ്രചാരണത്തിന്റെ ദിനങ്ങളാണ് തൃശൂർ കോർപറേഷൻ പരിധിയിൽ വരുംദിവസങ്ങളിൽ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.