ചാലക്കുടി: അപകടത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനാവില്ലെന്ന ചാലക്കുടി താലൂക്ക് ആശുപത്രി ഡോക്ടറുടെ നിലപാടിനെ തുടർന്ന് ആശുപത്രി മോർച്ചറിക്ക് മുന്നിൽ സംഘർഷാവസ്ഥ. നാട്ടുകാരുടെയും പ്രതിഷേധം കടുത്തതോടെ നഗരസഭയിലെ ജനപ്രതിനിധികൾ ഇടപെടുകയും മൃതദേഹം മറ്റൊരു ഡോക്ടറെ കൊണ്ട് അവിടെ തന്നെ പോസ്റ്റുമോർട്ടം ചെയ്യിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി ആശ്രമം കവലയിൽ വാഹനമിടിച്ച് പരിക്കേറ്റ പെരുമ്പാവൂർ സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടം ചെയ്യാൻ ചാലക്കുടിയിലെ ഡോക്ടർ വിസമ്മതിച്ചത്.
അപകടത്തിൽ പരിക്കേറ്റ് മരിച്ചതാണെങ്കിലും ആന്തരിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് വ്യക്തമല്ലെന്നും അതിനാൽ പോസ്റ്റുമോർട്ടം ചെയ്യാൻ തൃശൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നുമാണ് ഇവർ നിർദേശിച്ചത്. നാട്ടുകാരുടെ കൺമുന്നിൽ ആശ്രമം കവലയിൽ വാഹനമിടിച്ചതാണെന്നും അപകടത്തിൽ മരിച്ചതാണെന്ന് പൊലീസ് പറഞ്ഞിട്ടും ദുരൂഹത ആരോപിച്ച് ഡോക്ടർ പോസ്റ്റുമോർട്ടം ചെയ്യാതെ കൈയൊഴിയുകയായിരുന്നു. അതോടെ യാതൊന്നും ചെയ്യാനാവാതെ ബന്ധുക്കൾ നിസ്സഹായരായി. സമയം ഉച്ചയായിരുന്നു.
വൈകിയ സാഹചര്യത്തിൽ, വ്യാഴാഴ്ച പണിമുടക്കുള്ളതിനാൽ മൃതദേഹം ചാലക്കുടിയിൽ തന്നെ പോസ്റ്റുമോർട്ടം ചെയ്ത് പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചെങ്കിലും ഡോക്ടർ ചെവിക്കൊണ്ടില്ല. തുടർന്ന് മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റി. ഈ സാഹചര്യത്തിലാണ് വിവരമറിഞ്ഞ് നഗരസഭ പ്രതിപക്ഷ നേതാവ് ജിൽ ആന്റണി, അംഗങ്ങളായ വി.ജെ. ജോജി, വിൽസൻ പാണാട്ടുപറമ്പിൽ എന്നിവർ ആശുപത്രിയിലെത്തിയത്. ഇവർ പോസ്റ്റുമോർട്ടം ചെയ്യാൻ നടപടിയെടുക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.
എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ചില ഡോക്ടർമാർ പല മൃതദേഹങ്ങളും ഇവിടെ പോസ്റ്റുമോർട്ടം ചെയ്യാതെ തൃശൂരിലേക്ക് പറഞ്ഞയക്കുന്നത് പതിവായിരിക്കുകയാണ്. ഇതോടെ കടുത്ത പ്രതിഷേധം ഉയർന്നു. കാര്യങ്ങൾ കൈവിട്ടു പോകുന്ന സാഹചര്യം വന്നതോടെ മറ്റൊരു ഡോക്ടർ പോസ്റ്റുമോർട്ടം ചെയ്യാമെന്ന് സമ്മതിച്ചു. ഇതോടെ മൃതദേഹം വാഹനത്തിൽനിന്നിറക്കി ചാലക്കുടിയിൽ തന്നെ പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടിയായി. സംഘർഷാവസ്ഥ ഒഴിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.