ശിവൻ, അജിൻ

ഒല്ലൂരിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്ന് പേർക്കെതിരെ കേസ്

ഒല്ലൂർ: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം വിസ നൽകാതെ കബളിപ്പിച്ച സംഭവത്തിൽ ഒല്ലൂർ മരോട്ടിക്കൽ ശിവൻ, മകൻ എം.എസ്. അജിൻ, ഏജന്റായി പ്രവർത്തിച്ച കൊടകര സ്വദേശി എന്നിവർക്കെതിരെ ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂർ ജില്ലയിൽ 70 പേർക്കാണ് പണം നഷ്ടപ്പെട്ടത്. ഓസ്ട്രേലിയ, റഷ്യ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. ഒന്നര ലക്ഷം മുതൽ നാലു ലക്ഷം രൂപ വരെയാണ് പലരും നൽകിയത്.

ജില്ലക്ക് പുറത്തും സമാന രീതിയിൽ തട്ടിപ്പ് നടന്നതായും ഏകദേശം നാല് കോടി രൂപ ഇത്തരത്തിൽ അജിൻ തട്ടിയെടുത്തതായാണ് പരാതിക്കാർ പറയുന്നത്. മൂന്ന് വർഷമായി വിസക്കായി പണം കൊടുത്ത് കാത്തിരിക്കുന്നവരുമുണ്ട്. വിവിധ രാജ്യങ്ങളിൽ ജോലി ലഭിക്കാൻ വ്യത്യസ്‌ത തുകകളാണ് വാങ്ങിയിരുന്നത്. മുൻകൂറായി ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപവരെ നൽകണം. ബാക്കി തുക ജോലി ലഭിച്ച രാജ്യത്ത് എത്തി ജോലിയിൽ പ്രവേശിച്ചതിന് ശേഷം നൽകിയാൽ മതി.

ആദ്യഗഡുവായി വാങ്ങിക്കുന്ന തുകയിൽ 20,000 രൂപ പേപ്പർ വർക്കുകൾക്ക് വേണ്ടി ഉപയോഗിക്കുമെന്നും ബാക്കി തുകയുടെ ഉറപ്പിലേക്ക് ചെക്കും നൽകിയിരുന്നു. ഈ ചെക്കുകൾ അജിന്റെയും ശിവന്റെയും ബാങ്ക് അക്കൗണ്ടിലുള്ള ചെക്കുകളായിരുന്നു. വിസ ലഭിക്കാതായതോടെ പലരും ബാങ്കിൽ ചെക്കുകൾ സമർപ്പിച്ചെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ എല്ലാം മടങ്ങി. വിദേശജോലിക്ക് വലിയ തുക പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തേണ്ട എന്നതിനാലാണ് കൂടുതൽ പേരും അജിന്റെ തട്ടിപ്പിനിരയായത്. ഞായറാഴ്ചയും അജിനെ അന്വേഷിച്ച് വീട്ടിലേക്ക് പണം നഷ്ടപ്പെട്ടവർ എത്തിയിരുന്നു. എന്നാൽ വീട്ടിൽ അജിൻ ഉണ്ടായിരുന്നില്ല.

Tags:    
News Summary - Visa Fraud in Ollur; Case Against Three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.