കുർബാന ഏകീകരണം: എതിർക്കുന്ന വൈദികർക്ക്​ മുന്നറിയിപ്പുമായി തൃശൂർ അതിരൂപത

തൃശൂർ: കുർബാന ഏകീകരണത്തെ എതിർക്കുന്ന വൈദികർക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത. സീറോ മലബാർ സഭ സിനഡ് അംഗീകരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണമെന്ന് അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വൈദികർക്കയച്ച ഉത്തരവിൽ നിർദേശിച്ചു. സിനഡ് തീരുമാനങ്ങളെക്കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പി​െൻറ ഇടയലേഖനം അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും അടുത്ത ഞായറാഴ്ച വായിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. നിലവിൽ അതിരൂപതയിൽ തുടരുന്ന, പൂർണമായും ജനാഭിമുഖമായ കുർബാന അർപ്പണരീതി മാറ്റി സിനഡ് അംഗീകരിച്ച ജനാഭിമുഖവും അൾത്താര അഭിമുഖവുമായ രീതിയാണ് നവംബർ 28 മുതൽ അവലംബിക്കേണ്ടി വരുക. പുതിയ തീരുമാനത്തിനെതിരെ ഒരു വിഭാഗം വൈദികർ തൃശൂരിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നതിനെയും ആർച്ച് ബിഷപ്പ് വിമർശിക്കുന്നുണ്ട്​. വിഭാഗീയത സൃഷ്​ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

നേരത്തെ എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണത്തിനെതിരെ പരസ്യ പ്രതിഷേധവും വൈദികർ യോഗം ചേർന്ന് പരസ്യ പ്രതികരണവും നടത്തിയിരുന്നു. മേജർ ആർച്ച് ബിഷപ്പി​െൻറ ഇടയ ലേഖനം വായിക്കില്ലെന്ന്​ പ്രഖ്യാപിക്കുകയും ഭൂമി വിൽപനയടക്കം ഉയർന്ന ആരോപണങ്ങളിൽനിന്ന്​ ശ്രദ്ധ തിരിക്കാനാണ് കുർബാന ഏകീകരണം തിരക്കിട്ട് നടപ്പാക്കാൻ തീരുമാനിച്ചതെന്ന ആക്ഷേപം ഉന്നയിക്കുകയും ചെയ്​തിരുന്നു. അതേസമയം, യോഗതീരുമാനത്തിൽനിന്ന്​ പിന്മാറുന്നതിൽ ആലോചിച്ചിട്ടില്ലെന്നാണ് വിമതവിഭാഗം പറയുന്നത്. ഇതോടെ തർക്കം തൃശൂർ അതിരൂപതയിലേക്കും വ്യാപിക്കുകയാണ്. 20 വർഷം മുമ്പ് കുർബാന പരിഷ്കരണത്തിന് സിനഡ് തീരുമാനമെടുത്തപ്പോൾ അത് നടപ്പാക്കാതെ ജനാഭിമുഖ കുർബാന തുടരാൻ ആദ്യം തീരുമാനിച്ച രൂപതയാണ്​ തൃശൂർ.


Tags:    
News Summary - Unification of Mass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.