തൃശൂർ: ജില്ലയിലെ അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആഹാരം ഉറപ്പാക്കാന്‍ ‘ടുഗെതര്‍ ഫോര്‍ തൃശൂര്‍’ പദ്ധതി നടപ്പാക്കുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് രാമവര്‍മപുരം വിജ്ഞാന് സാഗര്‍ സയന്‍സ് ആൻഡ് ടെക്നോളജി പാര്‍ക്ക് ഹാളില്‍ മന്ത്രി കെ. രാജൻ നിര്‍വഹിക്കും. പി. ബാലചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
ജില്ലയില്‍ 4743 അതിദരിദ്ര കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. സൗജന്യ റേഷന്‍ ലഭിക്കുന്നതിന് പുറമെ പ്രതിമാസം ഏകദേശം 700 രൂപ കണക്കാക്കുന്ന പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനകം 462 കുടുംബങ്ങള്‍ക്ക് 12 സ്പോണ്‍സര്‍മാരിലൂടെ സഹായം കണ്ടെത്താന്‍ ജില്ല ഭരണകൂടത്തിന് കഴിഞ്ഞു.
വെള്ളിയാഴ്ച ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ടുഗെതര്‍ ഫോര്‍ തൃശൂർ’ ലോഗോ പ്രകാശനവും സ്പോണ്‍സര്‍മാരെ ആദരിക്കലും നടക്കും. വേണ്ടത്ര സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കലക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടപ്പാക്കിയ മാതൃകയില്‍ ‘ഒരുപിടി നന്മ’ പദ്ധതി ജില്ലയിൽ നടപ്പാക്കാനും ജില്ല ഭരണകൂടം ഉദ്ദേശിക്കുന്നുണ്ട്. മാസത്തിൽ നിശ്ചിതദിവസം വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്നും സ്കൂളുകളിലേക്ക് ധാന്യങ്ങള്‍ എത്തിച്ചശേഷം ആവശ്യക്കാർക്ക് എത്തിക്കുന്നതാണ് ‘ഒരുപിടി നന്മ’.
‘ടുഗെതര്‍ ഫോര്‍ തൃശൂര്‍’ പദ്ധതിയില്‍ സ്പോണ്‍സറാകാന്‍ താല്പര്യമുള്ളവര്ക്ക് തദ്ദേശ സ്ഥാപനങ്ങളിലോ കലക്ടറേറ്റിലോ ബന്ധപ്പെടാം. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ല നോഡല്‍ ഓഫിസറെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9567450970.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.