തൃശൂര്‍: പൂരത്തിന്റെ പ്രൗഢിയോളം തല ഉയര്ത്തിനില്ക്കുന്ന തൃശൂരിന്റെ സ്വന്തം പുലിക്കളി ഉത്സവത്തിന് നഗരം കാതോർക്കുന്നു. നാലോണ ദിനമായ ശനിയാഴ്ച വൈകീട്ട് നാലോടെ ആരംഭിക്കുന്ന പുലിയിറക്കം രാത്രി വൈകും വരെ നീളും. ഉത്രാടപ്പാച്ചിലും തിരുവോണവും കഴിഞ്ഞ് നഗരത്തിലെത്തുന്നവര്‍ക്ക് കാണാന്‍ കുമ്മാട്ടി കൂട്ടങ്ങള്‍ നാടും നഗരവും ചുറ്റുന്നുണ്ടെങ്കിലും തൃശൂര്‍ നഗരത്തെ ഇളക്കി മറിച്ച് ഇറങ്ങുന്ന പുലികളെയാണ് ജനം കാത്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുലിക്കളിക്ക് എറെ പുതുമകള്‍ ഉള്ളതായി തൃശൂർ കോർപറേഷൻ മേയര്‍ ഡോ. നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയര്‍ എ. പ്രസാദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ കോര്പറേഷന് നേരിട്ടാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഒന്നാം സമ്മാനം 70,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 60,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 50,000 രൂപയും ട്രോഫിയുമാണ്. പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിശ്ചലദൃശ്യത്തിനും സമകാലീന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള നിശ്ചലദൃശ്യത്തിനും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ വീതം നല്‍കും. പുലിക്കൊട്ട്, പുലിവേഷം, പുലിവാഹനം, പുലിവര, പുലിച്ചമയം, അച്ചടക്കം, പുലിമട എന്നിവയിലും മത്സരങ്ങളും സമ്മാനവും ഉണ്ടാകും.
ഇത്തവണ ഒമ്പത് ടീമുകളാണ് മത്സരത്തിനുണ്ടാവുക. ഈ വര്‍ഷം 3,50,000 രൂപയായി ധനസഹായം വർധിപ്പിച്ചതായി മേയര്‍ അറിയിച്ചു. ഇതില്‍ പകുതി സംഖ്യ ഇതിനകം പുലി സംഘങ്ങള്‍ക്ക് കൈമാറി. ആറ് ടീമുകള്‍ എം.ജി റോഡ് വഴിയും ഒരു ടീം ഷൊര്‍ണൂര്‍ റോഡ് വഴിയും രണ്ട് ടീമുകള്‍ വടക്കേ സ്റ്റാൻഡ് വഴിയുമാണ് റൗണ്ടിലേക്ക് പ്രവേശിക്കുക. ബിനി ടൂറിസ്റ്റ് ഹോമിന് സമീപം മന്ത്രി ഒ.ജെ. ജനീഷ് പുലിക്കളി ഫ്ലാഗ് ഒഫ് ചെയ്യും.
പുലിക്കളി ദിവസമായ ശനിയാഴ്ച രാവിലെ മുതല്‍ പുലിച്ചമയ പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ടായിരിക്കും. നിശ്ചലദ്യശ്യത്തിലെ ആദ്യ േഫ്ലാട്ട് ഒരുക്കുന്നത് കോര്‍പറേഷനും പൊലീസും സംയുക്തമായാണ്. ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം നല്‍കുന്നതായിരിക്കും ഈ േഫ്ലാട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.