കലോത്സവത്തിനായി തൃശൂർ റൗണ്ടിൽ ഉയരുന്ന പന്തൽ
തൃശൂർ: 14 മുതൽ 18 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കൗമാര കലാമാമാങ്കത്തിന് തൃശൂരിൽ ഒരുക്കം തുടങ്ങി. തേക്കിൻകാട് മൈതാനിയിലെ മുഖ്യവേദിക്കായുള്ള പന്തൽ നിർമാണം പുരോഗമിക്കുകയാണ്. അത്യാധുനിക രീതിയിലുള്ള പന്തലാണ് ഇത്തവണ ഒരുങ്ങുന്നത്.
തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലും നായ്ക്കനാൽ ഭാഗത്തുമാണ് പന്തൽ നിർമാണം പുരോഗമിക്കുന്നത്. ഭക്ഷണവിതരണം നടക്കുന്ന കോർപറേഷൻ ഗ്രൗണ്ടിലും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. തേക്കിൻകാട് ഗ്രൗണ്ടിൽ മാത്രം ഉയരുന്നത് 25 പന്തലുകളാണ്. പ്രധാനവേദിക്ക് പുറമേ മീഡിയ റൂം ദൃശ്യമാധ്യമങ്ങൾക്കുള്ള താൽക്കാലിക സ്റ്റുഡിയോകൾ എന്നിവയെല്ലാം പ്രധാന വേദിയിൽനിന്ന് അധികം ദൂരത്തല്ലാത്ത വിധമാണ് നിർമിക്കുന്നത്.
തിരുവനന്തപുരം സ്വദേശി വിജയകുമാറിനാണ് പന്തൽ നിർമാണത്തിനുള്ള ചുമതല. വിജയകുമാറിന്റെ മകൾ ഗ്രീഷ്മയാണ് പന്തലിന്റെ സൗന്ദര്യവത്കരണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഗ്രീഷ്മ ആർക്കിടെക്ട് കൂടിയാണ്. എല്ലാ പന്തലുകളുടെയും പണി ഒരേ സമയം പുരോഗമിക്കുകയാണ്.
10നകം പണി പൂർത്തിയാക്കാനാണ് നിലവിൽ ആലോചന. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന പ്രധാന വേദികളായ ഒന്ന്, രണ്ട്, മൂന്ന് വേദികൾ തേക്കിൻകാട് തന്നെയാണ് ഒരുക്കുന്നത്. ഏറ്റവും കൂടുതൽ കാണികളുള്ള ഇനങ്ങളായ തിരുവാതിര, സംഘനൃത്തം, മോഹിനിയാട്ടം, ഒപ്പന, നാടോടി നൃത്തം എന്നിവയൊക്കെ തേക്കിൻകാട്ടിലെ പ്രധാന വേദിയിലായിരിക്കും.
അതുപോലെ അടുത്തിടെ സംസ്ഥാന കലോത്സവത്തിൽ ഉൾപ്പെടുത്തിയ ആദിവാസി നൃത്ത ഇനങ്ങളായ പണിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നിവയും തേക്കിൻകാട്ടിലെ വേദി മൂന്നിൽ അരങ്ങേറും. പ്രധാനവേദികൾക്ക് സമീപമെല്ലാം താൽക്കാലിക ശുചിമുറികളും ഗ്രീൻറൂമുകളും ഒരുക്കുന്നുണ്ട്.
ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച അലൂമിനിയം മേൽക്കൂരയാണ് പന്തലുകൾക്ക്. വളരെ വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ കഴിയും എന്ന സൗകര്യവുമുണ്ട്. കാറ്റ്, അമിത ചൂട്, തീപിടിത്തം എന്നിവയെയും പ്രതിരോധിക്കും. 25 വേദികളിലായാണ് കലോത്സവം നടക്കുക. കോർപറേഷൻ, ജില്ല പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ പ്രതിനിധികൾ വന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
ഇവരുടെകൂടി അഭിമാന പ്രശ്നമാണ് കലോത്സവം ഏറ്റവും ഭംഗിയായി നടക്കുക എന്നത്. യാതൊരു പിഴവുമില്ലാതെ ഏറ്റവും സുരക്ഷിതമായി കലാപൂരം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിനകം കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേർന്നുകഴിഞ്ഞു.
14ന് തുടങ്ങുന്ന കലോത്സവത്തിന് നേരത്തെ എത്തുന്ന ദൂരെനിന്നുള്ളവർക്ക് തലേദിവസം രാത്രിയിലും ഭക്ഷണം ഒരുക്കാൻ ഭക്ഷണക്കമ്മിറ്റി തീരുമാനം ആയിട്ടുണ്ട്. ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് കലവറ കൈകാരം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.