ചാവക്കാട്: തീരദേശത്ത് ലഭിച്ച അപ്രതീക്ഷിത വേനൽമഴ ചാവക്കാട് തീരത്തെ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളിയാകുന്നു. സാധാരണയായി മാർച്ച് അവസാനത്തോടെ എത്താറുള്ള വേനൽമഴ ഇത്തവണ നേരത്തെ എത്തിയതാണ് കടലാമ സംരക്ഷകരെ ആശങ്കയിലാഴ്ത്തുന്നത്.
ഇതുവരെ ചാവക്കാട് മേഖലയിലെ വിവിധ ഹാച്ചറികളിലായി 200 ഓളം കൂടുകളിലായി 20,000 ത്തോളം മുട്ടകളാണ് ശേഖരിച്ചിട്ടുള്ളത്. ഒരു കൂട്ടിൽ ശരാശരി 100 മുട്ടകൾ വീതമുണ്ട്. ഇതിൽ സീസണിന്റെ തുടക്കത്തിൽ ലഭിച്ച വളരെ കുറച്ച് മുട്ടകൾ മാത്രമാണ് ഇതുവരെ വിരിഞ്ഞത്.
സൂര്യപ്രകാശത്തിന്റെ ചൂടേറ്റാണ് കടലാമ മുട്ടകൾ വിരിയുന്നത്. എന്നാൽ മഴമൂലം ഉണ്ടാകുന്ന താപവ്യതിയാനം മുട്ടകൾ വിരിയുന്നതിന് തടസ്സമാകുകയും അവ നശിച്ചു പോകാൻ കാരണമാവുകയും ചെയ്തേക്കാം. കൂടാതെ കൂടുകളിലേക്ക് വെള്ളമിറങ്ങി മണ്ണ് ഉറച്ചുപോയാൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പുറത്തേക്ക് വരാൻ കഴിയാത്ത സാഹചര്യവുമുണ്ടാകും. ഹാച്ചറികൾ ഷീറ്റുകൾ ഉപയോഗിച്ച് മൂടിക്കെട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ ശക്തമായാൽ മുട്ടകൾ നശിച്ചുപോകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വനംവകുപ്പ് തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെയും തൃശൂർ ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷന്റെയും കീഴിലാണ് ചാവക്കാട് തീരത്തെ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കടലാമകളുടെ ലിംഗ നിർണയത്തിൽ ഊഷ്മാവ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. ദീർഘകാലം നിലനിൽക്കുന്ന ഇത്തരം ഊഷ്മാവിലെ വ്യതിയാനം ആൺ-പെൺ അനുപാതത്തെ താളംതെറ്റിക്കാമെന്നും ഇത്തരത്തിൽ ആൺ-പെൺ അനുപാതത്തിൽ വലിയ വ്യതിയാനമുണ്ടായാൽ ജീവിവർഗത്തിന്റെ വംശവർധനവിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ജില്ലയിലെ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറും വനമിത്ര അവാർഡ് ജേതാവുമായ എൻ.ജെ ജെയിംസ് പറഞ്ഞു. കേരള തീരത്ത് നിലവിൽ നാമമാത്രമായുള്ള കടലാമകളുടെ സാന്നിധ്യം തന്നെ ഭാവിയിൽ അപ്രത്യക്ഷമാകാൻ ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾ കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.