തൃശൂർ ശക്തൻ നഗറിലെ മാലിന്യമല
തൃശൂർ: ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ കൊച്ചിയുടെ അവസ്ഥയെ ‘ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥ’യെന്ന് ഹൈകോടതി പരാമർശിച്ചപ്പോൾ സമാനസാധ്യത വിരൽചൂണ്ടുന്ന ഒളിപ്പിച്ചുവെച്ച ‘ഗ്യാസ് ചേംബർ’ തൃശൂർ നഗരത്തിലുണ്ട്, നഗര ഹൃദയത്തിലെ ശക്തൻ നഗറിൽ.
കുന്നുകൂടിയ മാലിന്യം സംസ്കരിക്കാനാകുന്നില്ലെന്ന് മാത്രമല്ല, പ്രവർത്തിച്ചുകൊണ്ടിരുന്ന അജൈവ മാലിന്യപ്ലാന്റ് പൂട്ടുകയും ചെയ്തു. സംസ്കരിക്കാൻ കൊണ്ടുപോകാൻ കരാർ നൽകിയ കണക്കിൽ പ്രതിവർഷം കോടികളുടെ കൊള്ള നടക്കുന്നുവെന്ന ആരോപണവുമുണ്ട്.
ശക്തൻ നഗർ ബസ് സ്റ്റാൻഡിനോട് ചേർന്ന് ഒഴിഞ്ഞുകിടന്നിരുന്ന പറമ്പ് മാലിന്യമലയായത് അഞ്ച് വർഷത്തിനിപ്പുറമാണ്. ശക്തന് ബസ് സ്റ്റാൻഡിലേക്കും മോട്ടോർ വാഹനങ്ങളുടെ അപൂർവ പാർട്സുപോലും ചുളുവിലയ്ക്ക് കിട്ടുന്ന ‘പട്ടാളം’ മാർക്കറ്റും രാജ്യത്ത് ആദ്യമായി തെരുവോര കച്ചവടക്കാർക്ക് സ്ഥലസൗകര്യമൊരുക്കിയ ‘ഗോൾഡൻ ഫ്ലീ’മാർക്കറ്റുമടക്കമുള്ള പ്രദേശത്ത് മൂക്കുപൊത്താതെ നടക്കാനാകില്ല.
മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാതെ വന്നതോടെയാണ് മാലിന്യമലയ്ക്ക് വലുപ്പം കൂടിയത്. രൂക്ഷഗന്ധവും കൊതുകുശല്യവും വേനലില്‍ ഇവിടുത്തുകാരെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ മഴക്കാലമായാല്‍ ചിന്തിക്കാന്‍പോലുമാകാത്ത വിധം രോഗഭീഷണിയാണ്.
നിരവധി തവണ ചെറിയ തീ പിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സമീപത്തുള്ള അഗ്നിരക്ഷസേനക്ക് എളുപ്പത്തിലെത്തി അണക്കാനാവുന്നതും ഗൗരവത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നതിനാലും പരാതിക്ക് ഗൗരവമില്ല. ശക്തൻ നഗറിലെ ജൈവവള നിർമാണകേന്ദ്രമായ ഒ.ഡബ്ല്യു.സി പ്ലാന്റിൽ മാലിന്യം നിറഞ്ഞുകവിഞ്ഞു.
സംസ്കരിച്ച വളവും വളമാക്കാൻ എത്തിച്ച മാലിന്യവും കുമിഞ്ഞുകൂടി ഈച്ചകളുടെ കേന്ദ്രമായി. കോർപറേഷന് ഒരുരൂപപോലും ചെലവില്ലാതെ മാലിന്യനിർമാർജനത്തിനു വിഭാവനം ചെയ്യപ്പെട്ട പദ്ധതി ഇപ്പോൾ ലക്ഷങ്ങളുടെ ബാധ്യതയാണുണ്ടാക്കുന്നത്.
മെട്രോമാൻ ഇ. ശ്രീധരനും മുൻ ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെയുള്ളവർ പ്രകീർത്തിച്ച പദ്ധതിയാണ് ശക്തൻ നഗറിലെ ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ (ഒ.ഡബ്ല്യു.സി) എന്ന മാലിന്യസംസ്കരണ പ്ലാന്റ്. പ്രതിദിനം കൊണ്ടുവരുന്ന മാലിന്യത്തിനൊപ്പം വളം കൊണ്ടുപോകാൻ ആളു കുറവായതോടെ പ്ലാന്റ് നടത്തിപ്പ് പ്രതിസന്ധിയിലായി.
പ്ലാന്റിൽ മാലിന്യം നിറഞ്ഞത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉടൻ തീരുമാനമെടുക്കുമെന്ന മറുപടിയാണ് കാലങ്ങളായുള്ളത്. പ്രതിദിനം അഞ്ച് മുതൽ ആറ് ടൺ വരെ മാലിന്യം സംസ്കരിക്കുന്നുണ്ടെന്നാണ് അവകാശവാദം. കരാർ പ്രകാരം ദിവസവും 8000 രൂപയാണ് നടത്തിപ്പിനായി ചെലവിടുന്നത്.
ശക്തൻ ഒ.ഡബ്ല്യു.സി പ്ലാന്റ് മാതൃകയിൽ കോലോത്തുംപാടത്തു 1.18 കോടി ചെലവിൽ സ്ഥാപിച്ച പ്ലാന്റ് ഒരുമാസം മാത്രം പ്രവർത്തിപ്പിച്ച് അടച്ചുപൂട്ടി. ശക്തൻ നഗറിൽ മത്സ്യ-മാംസ്യ മാർക്കറ്റിലടക്കം ഇൻസിനറേറ്ററുകളും പ്രവർത്തിപ്പിച്ചുവെങ്കിലും അതും നിലച്ചു.
മാലിന്യം നീക്കുന്നതിൽ അനങ്ങാപ്പാറ നയമാണ് കോര്പറേഷന് ഭരണസമിതിയുടേതെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. അതേസമയം, നിലവില്‍ കുരിയച്ചിറയില്‍ മാലിന്യസംസ്കരണം നടക്കുന്നുണ്ടെന്നും മഴക്കാലത്തിന് മുമ്പ് ശക്തനിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്നും മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.