ചേർക്കര യു.പി സ്കൂളിലെ വാതിലും അലമാരയുടെ
പൂട്ടും മോഷ്ടാവ് തകർത്ത നിലയിൽ
തളിക്കുളം: തൃപ്രയാർ ഏകാദശി ദിവസം രാത്രി ചേർക്കര യു.പി സ്കൂളിലും കോഴിക്കടയിലും മോഷണം. സ്കൂളിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഓഫിസ് റൂം, സ്റ്റാഫ് റൂം, ക്ലാസ് മുറികളിലെ മേശകൾ, അലമാരകൾ എന്നിവ കുത്തിത്തുറന്നു. ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന പണവും റൂറൽ ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളും സ്കൂളിലെ കമ്പ്യൂട്ടറുകളുടെ സ്പീക്കറും അനുബന്ധ ഉപകരണങ്ങളും കവർന്നു.
ആക്ടിസിന്റെ സംഭാവനപ്പെട്ടി തകർത്ത് പണം മോഷ്ടിച്ചു. ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന സഞ്ചയിക നിക്ഷേപ തുകയും കുട്ടികൾ കളരി പഠിക്കാൻ നൽകിയിരുന്ന തുകയും മോഷണം പോയി. ഏകദേശം 5000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. അലമാരയിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
സ്കൂളിനുള്ളിൽ മലമൂത്ര വിസർജനവും നടത്തിയ നിലയിലാണ്. തിങ്കളാഴ്ച രാവിലെ പ്രധാനാധ്യാപകൻ സ്കൂൾ തുറക്കാൻ വന്നപ്പോഴാണ് വാതിൽ തകർന്ന നിലയിൽ കണ്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തളിക്കുളം ബ്ലോക്ക് ഓഫിസിന് വടക്കുള്ള പ്രവാസി ചിക്കൻ സെന്ററിലെ മോട്ടോർ കവർന്ന നിലയിലാണ്.
വയറുകൾ പൊട്ടിച്ചാണ് മോട്ടോർ മോഷ്ടിച്ചത്. രണ്ടു പേരെത്തിയത് സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞെങ്കിലും വ്യക്തമല്ല. തൃപ്രയാർ ഏകാദശി ദിവസമായതിനാൽ പ്രദേശം തിരക്കിലമർന്നതിനിടയിലാണ് മോഷണം നടന്നത്. ഏതാനും വർഷം മുമ്പും ഏകാദശി ദിവസം രാത്രി തൃപ്രയാർ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.