ചാലക്കുടി: കുരങ്ങിന്റെ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. വെട്ടുകടവ് പാലത്തിന് സമീപത്തെ പുഴയോരം സ്ട്രീറ്റിൽ ചിറയത്ത് മുണ്ടൻമാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടൻ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ഗിരിജ (56), മേലൂര്‍ വെട്ടുകടവ് വെള്ളായിക്കുടം രവീന്ദ്രന്റെ ഭാര്യ ഭാനുമതി എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ ഒമ്പതരക്കായിരുന്നു കുരങ്ങിന്റെ ആദ്യത്തെ ആക്രമണം. വീട്ടുപറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന മോളിയുടെ പിറകിൽ ചാടിക്കയറിയ കുരങ്ങ് മുതുകിൽ മാരകമായി മാന്തി പരിക്കേൽപ്പിച്ചു. ഇവർ നിലവിളിച്ച് ബഹളം വച്ചെങ്കിലും വീട്ടിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. കുരങ്ങ് പിന്നീട് ഓടി പോവുകയായിരുന്നു. തുടർന്ന് 11 ഓടെയാണ് ഇതേ കുരങ്ങ് 400 മീറ്റർ അകലെയുള്ള തോട്ടാൻ ജോർജിന്റെ വീട്ടുപറമ്പിലെത്തിയത്. അവിടെ പണിയെടുത്ത് നിന്ന ഗിരിജയുടെ കാലിൽ കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരെയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പേവിഷബാധ പ്രതിരോധ മരുന്ന് ഇരുവർക്കും കുത്തിവെച്ചു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ചാലക്കുടി മൊബൈൽ സ്ക്വാഡിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിസരത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരുവർക്കും നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകൾ ഈയിടെ തമ്പടിച്ചത് നാട്ടുകാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ഈ സംഭവത്തോടെ വെട്ടുകടവ് പ്രദേശത്തെ നാട്ടുകാർ ഭീതിയിലായി. സ്ഥിരമായി പ്രദേശത്ത് കണ്ടുവരുന്ന കുരങ്ങുകളിൽ ഒന്നാണ് രണ്ടുപേരെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.