ഭരണം മാറി; അക്കാദമികളിൽ ഇനി ആരു വാഴും?

തൃശൂർ: വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നതിന് പിന്നാലെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ആരൊക്കെ വരുമെന്ന നിലയിലുള്ള ചർച്ചകൾ സജീവം. കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത-നാടക അക്കാദമി എന്നീ സാംസ്കാരിക സ്ഥാപനങ്ങളാണ് തൃശൂരിൽ പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ചലച്ചിത്ര അക്കാദമി തലപ്പത്തും അഴിച്ചുപണി നടക്കും.

കഴിഞ്ഞ 10 വർഷം തുടർച്ചയായി ഇടതുപക്ഷ സഹയാത്രികരായിരുന്നു ഇതിന്റെയൊക്കെ തലപ്പത്ത്. ഭരണവിരുദ്ധ വികാരവും ഇടതുപക്ഷ നയവ്യതിയാനങ്ങളും സംഭവിച്ചിട്ടും സ്ഥാനമാനങ്ങൾക്കായി സാംസ്കാരിക മേഖലയിലുള്ളവരും എഴുത്തുകാരും പ്രതികരിച്ചില്ലെന്ന ആക്ഷേപം യു.ഡി.എഫ് കേന്ദ്രങ്ങൾ നേരത്തേ മുതൽ ഉന്നയിച്ചിരുന്നു. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി എഴുത്തുകാർ രാഷ്ട്രീയ ചായ്‍വുകൾ കൂടുതൽ പ്രകടമാക്കിയ കാലം കൂടിയാണ് കഴിഞ്ഞുപോയത്.

ചില എഴുത്തുകാർ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന കാഴ്ചവരെ കേരളം കണ്ടു. യു.ഡി.എഫുമായി ചേർന്നുനിന്ന എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അക്കാദമികളുടെ ഭാരവാഹിത്വത്തിലേക്ക് വരുമെന്നാണ് സൂചന. മുൻ യു.ഡി.എഫ് ഭരണകാലങ്ങളിൽ രാഷ്ട്രീയ ആഭിമുഖ്യം പരിഗണിക്കാതെ സാംസ്കാരിക നേതൃസ്ഥാനങ്ങളിലേക്ക് വ്യക്തികളെ പരിഗണിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇക്കുറി അതിനും മാറ്റം വരും. കൽപറ്റ നാരായണൻ അടക്കമുള്ള ഒരുപറ്റം എഴുത്തുകാർ ഇത്തവണ യു.ഡി.എഫിന് വേണ്ടി സജീവമായി തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തിറങ്ങിയിരുന്നു.

എൽ.ഡി.എഫ് ഭരണകാലങ്ങളിൽ തുടർച്ചയായി അവഗണിക്കപ്പെട്ട സിനിമ, എഴുത്തുകാർക്കൊക്കെ മികച്ച പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ നയനിലപാടുകളോട് പരസ്യമായി കലഹിച്ച് ഇടതുപക്ഷത്തിന്റെ എതിർപ്പ് ഏറ്റുവാങ്ങിയ സാഹിത്യ അക്കാദമി മുൻ അധ്യക്ഷൻ കെ. സച്ചിദാനന്ദനോട് യു.ഡി.എഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. വൈസ് പ്രസിഡന്റായിരുന്ന അശോകൻ ചരുവിൽ ശക്തമായി പിണറായിയെ പിന്തുണച്ച് അവസാന നിമിഷം വരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ വ്യക്തിയാണ്.

അതേസമയം, പത്തുവർഷത്തിനു ശേഷം വിവിധ അക്കാദമികളുടെ തലപ്പത്തുനിന്ന് ഭാരവാഹികൾ ഒഴിയാനുള്ള തയാറെടുപ്പുകളും തുടങ്ങി. ഭരണമാറ്റത്തിന്റെ സാഹചര്യത്തിലാണ് ഈ കുടിയൊഴിയൽ. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും സ്ഥാനമൊഴിഞ്ഞ് രാജി സമർപ്പിച്ചു. ഒരു വർഷം മുമ്പ് തന്നെ സ്ഥാനമൊഴിയുമെന്ന് സച്ചിദാനന്ദൻ പ്രഖ്യാപിച്ചത് അന്ന് വാർത്തയായിരുന്നു. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി 15ന് സ്ഥാനമൊഴിയും. ഇക്കാര്യം കാണിച്ച് രാജിക്കത്ത് നൽകി. ലളിതകലാ അക്കാദമിയിലും സ്ഥാനമാറ്റം ഉണ്ടാകും

Tags:    
News Summary - The regime has changed; who will rule the academies now?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.