തൃശൂർ: തദ്ദേശ വകുപ്പിൽ പൊതുസർവിസ് രൂപവത്കരണം അന്തിമ ഘട്ടത്തിലായതോടെ പഞ്ചായത്ത് വകുപ്പ് ആശങ്കയിൽ. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിങ്, നഗര -ഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ സംയോജിപ്പിച്ച് 35,000 ജീവനക്കാരുള്ള പൊതു സർവിസാകുന്നതോടെ പഞ്ചായത്ത് ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ജോയന്റ് ഡയറക്ടർ സ്ഥാനങ്ങളേറെയുള്ള ഗ്രാമവികസന വകുപ്പിൽനിന്നുള്ളവർ പ്രധാന സ്ഥാനങ്ങളിലെത്തുമെന്നും ഇതോടെ പ്രമോഷൻ സാധ്യത ഗണ്യമായി കുറയുമെന്നും പഞ്ചായത്ത് ജീവനക്കാർ ആശങ്കപ്പെടുന്നു.
ഇക്കാര്യം പെതു സർവിസ് സംബന്ധിച്ച ചർച്ചകളിൽ യൂനിയൻ പ്രതിനിധികൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 19നു ശേഷം പെതു സർവിസ് പ്രവർത്തനക്ഷമമാകുമ്പോൾ ആശങ്കകൾ ഇല്ലാതാകുമെന്നാണ് തദ്ദേശ വകുപ്പ് അധികൃതരുടെ നിലപാട്. പഞ്ചായത്ത് ജീവനക്കാരെ കോർപറേഷനിലേക്കും മറ്റും മാറ്റുമ്പോൾ പ്രത്യേക പരീക്ഷ നടത്തി പരിശീലനം നൽകുന്നതുൾപ്പെടെ തദ്ദേശവകുപ്പ് പരിഗണിച്ചുവരുകയാണ്. പൊതു സർവിസ് സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോർപറേഷനുകളുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായതിനാൽ അത് ഉൾക്കൊണ്ടുള്ള നയപരമായ തീരുമാനങ്ങൾ എങ്ങനെ എടുക്കും എന്നതാകും വരുംദിവസങ്ങളിലെ തദ്ദേശ പൊതു സർവിസ് നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതിനിടെ ബുധനാഴ്ച പൊതു സർവിസ് രൂപവത്കരണം സംബന്ധിച്ച് കരട് പ്രവർത്തന മാർഗരേഖ പ്രസിദ്ധീകരിച്ചു. ഇതോടെ വകുപ്പുതല ഘടനയിൽ ഫയലുകളുടെയും ചുമതലകളുടെയും വിഭജനം സംബന്ധിച്ച് ഏറെക്കാലമായി നിന്നിരുന്ന ആശങ്കക്ക് പരിഹാരമായിട്ടുണ്ട്. ഓരോ വകുപ്പ് മേധാവികളുടെയും ചുമതലകൾ മുകളിൽനിന്ന് താഴ്ത്തട്ടിലേക്ക് ശ്രേണീ ബന്ധം ഉറപ്പിക്കുംവിധം വിന്യസിച്ചതിന്റെ വിശദാംശങ്ങളടങ്ങിയ കരടുരേഖയാണ് പ്രസിദ്ധീകരിച്ചത്.
പൊതുവായ ഓഫിസ് പ്രവർത്തനക്രമം സംബന്ധിച്ച് കരടുരേഖയിൽ മൂന്നു തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ജില്ല ഓഫിസുകളിലെ ഫ്രണ്ട് ഓഫിസുകളിൽ ജൂനിയർ സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ചുമതല നിർവഹിക്കും. വകുപ്പ് സംയോജന ചുമതലകൾ ജോയന്റ് ഡയറക്ടറുടെ ചുമതലയിലായിരിക്കുമെന്ന് രേഖ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.