വീട്ടിലേക്കുള്ള വഴിയില്ലാതായ വയോധിക
ചാലക്കുടി: കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന വയോധികയുടെ വീട്ടിലേക്കുള്ള നടവഴി വളച്ചുകെട്ടി ഷെഡ് നിര്‍മിച്ചു. സൗത്ത് ജങ്ഷനില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വിസ് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനമാണ് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന മംഗലൻ ത്രേസ്യകുട്ടിയുടെ വീട്ടിലേക്കുള്ള നടവഴി അടച്ചത്.
വിധവയായ വയോധിക കനാൽ പുറമ്പോക്കില്‍ ഒറ്റക്കാണ് താമസം.
വീട്ടില്‍നിന്ന് സര്‍വിസ് റോഡിലേക്ക് നാല്പതിലധികം വര്‍ഷക്കാലമായി ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് വഴിയടച്ച് ഷെഡ് നിര്‍മിച്ചതായി കണ്ടത്.
രോഗിയായ ഇവര്‍ അധികദൂരം സഞ്ചരിച്ച് മറ്റൊരു വഴിയിലൂടെയാണ് പുറത്തെത്തിയത്.
സര്‍വിസ് റോഡിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനം കൂടുതല്‍ സൗകര്യത്തിനായി ഷെഡ് നിര്‍മിച്ചതാണ് വിനയായത്. വിവരമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍മാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, സി.പി.എം പ്രവര്‍ത്തകരായ ബാബു നങ്ങിണി, പി.ഡി. ആന്റോ, പി.ഡി. പൗലോസ് എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ അറിയിച്ചതനുസരിച്ച് നഗരസഭ ചെയര്മാന് എബി ജോര്‍ജും സ്ഥലത്തെത്തി.
നിര്‍മാണം പൊളിച്ചുമാറ്റി സഞ്ചാരസ്വാതന്ത്ര്യം ഉടന്‍ ഒരുക്കണമെന്ന് ചെയര്മാന് സ്ഥാപനയുടമക്ക് നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.