ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് വറവട്ടൂർ പ്രദേശത്ത് തെരുവുനായുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു. കൂടാതെ നിരവധി തെരുവുനായ്ക്കൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ വറവട്ടൂരിലെ കാട്ടൂർ കാവ് ക്ഷേത്ര പരിസരത്തു കുഞ്ചു നായരെയാണ് നായ് ആദ്യം കടിച്ചത്. പിന്നീട് വറവട്ടൂർ കോളനിയിലെ കൊല്ലേരിപ്പടി മണികണ്ഠന്റെ മകൻ കണ്ണൻ, കൊല്ലേരിപ്പടി വേലായുധന്റെ മകൻ കുട്ടൻ, രാത്രി ഏഴോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന പള്ളത്തു വീട്ടിൽ കുട്ടന്റെ ഭാര്യ വനജ എന്നിവരെയും കടിച്ചു പരിക്കേൽപ്പിച്ചു. ഞായറാഴ്ച പുലർച്ച നമസ്കാരത്തിന് പള്ളിയിലേക്ക് പോകുകയായിരുന്ന അയ്യോട്ടിൽ വീട്ടിൽ യൂസഫ്, കക്കാടത്ത് വീട്ടിൽ അലി എന്നിവരെയും കടിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന വറവട്ടൂർ മഹല്ല് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് അസ്ലം എന്ന ബാവക്ക് നേരെ പട്ടി ആക്രമിക്കാൻ പാഞ്ഞടുത്തെങ്കിലും വാഹനം ഉപേക്ഷിച്ച് അദ്ദേഹം ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചെങ്കിലും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്ന് പരാതിയും നാട്ടുകാർക്കിടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.