കുന്നംകുളം : പുതിയ ബസ് സ്റ്റാൻഡിനടുത്ത് തെരുവ് നായ്ക്കളുടെ പരാക്രമം. മൂന്ന് പേർക്ക് കടിയേറ്റു. കുന്നംകുളം ഗുരുവായൂർ റോഡിൽ നിന്നും ഖാദി ബിൽഡിങ് വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലാണ് തെരുവുനായ്ക്കളുടെ വിളയാട്ടം. പത്തോളം നായ്ക്കളാണ് ഇവിടെ സ്ഥിരമായി തമ്പടിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണമാണ് വ്യാഴാഴ്ച മൂന്നു പേരെ കടിച്ചത്. കടിയേറ്റവർ ചികിത്സ തേടി.
ഗുരുവായൂർ റോഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന എളുപ്പവഴിയാണിത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പ്രസവിച്ച് കിടക്കുന്ന പട്ടിയുടെ കുട്ടികളെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കുന്നംകുളത്ത് ദിനംപ്രതി തെരുവുനായ്ക്കൾ വർധിച്ചു കൊണ്ടിരിക്കെ നഗരസഭ ഉൾപ്പെടെ, ആരോടും പരാതി പറഞ്ഞ് ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പഴയ ബസ് സ്റ്റാൻഡ് പരിസരത്തും തെരുവ് നായ്ക്കൾ വർധിച്ചിരിക്കുകയാണ്. രാത്രി സമയങ്ങളിൽ സഞ്ചിയുമായി നടന്നു പോകുന്നവരെ പിന്തുടരുന്ന കാഴ്ചയും പതിവായിരിക്കുകയാണ്. പരിസരങ്ങളിൽ രാത്രി കാലങ്ങളിൽ നായ്ക്കൾക്ക് ആരോ ഭക്ഷണം കൊണ്ടു വന്ന് കൊടുക്കുന്നതുകൊണ്ടാണ് ഇവ സഞ്ചിയുമായി പോകുന്നവരെ പിൻതുടരുന്നതെന്നാണ് ജനങ്ങളുടെ പരാതി. തെരുവ് നായ് ശല്യത്തിന് അടിയന്തര പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.