മാള: മാള പൊലീസ് സ്റ്റേഷനിൽ പരാതികൾ കേൾക്കാനും തീർപ്പാക്കാനും കാലതാമസമെന്ന് ആക്ഷേപം. പരാതിക്കാർ സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. മൂന്ന് അഡീഷനൽ എസ്.ഐമാരാണിവിടെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സ്ഥലം മാറി പോയി. ഒരാൾ ഏതാനും ദിവസം മുമ്പ് വിരമിച്ചു.
എസ്.എച്ച്.ഒയും പ്രിന്‍സിപ്പല്‍ എസ്.ഐയും പുറത്ത് പോകുമ്പോൾ പരാതിക്കാർ സ്റ്റേഷനിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. അഞ്ച് പഞ്ചായത്തുകൾ പൂർണമായും രണ്ട് പഞ്ചായത്തുകൾ ഭാഗികമായും മാള സ്റ്റേഷന്റെ പരിധിയിലാണ്. പ്രതിമാസം ശരാശരി 140 കേസുകളുണ്ടാകാറുണ്ടിവിടെ.
പരാതികള്‍ കേൾക്കാനും തീർപ്പാക്കാനും ക്രമസമാധാന പരിപാലനത്തിനും അന്വേഷണങ്ങൾക്കും അതിനിടെ ഇൻക്വസ്റ്റും കോടതിയും എല്ലാത്തിനുമായി എസ്.എച്ച്.ഒയും പ്രിൻസിപ്പൽ എസ്.ഐയും മാത്രമാണുള്ളത്. പി.ആർ.ഒ ചുമതലയുള്ള ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം സ്ഥലംമാറി പോയി. പകരം സംവിധാനത്തിന് ജില്ല മേധാവിയുടെ നിർദേശം വരേണ്ടതുണ്ട്.
1954ലാണ് മാള സ്റ്റേഷൻ നിലവിൽ വന്നത്. അംഗബലത്തിൽ ഇപ്പോഴും വലിയ മാറ്റം ഇല്ല. എസ്.ഐ തസ്തികകളിൽ സ്ഥിരമായി പ്രിൻസിപ്പൽ എസ്.ഐ മാത്രമാണുള്ളത്. നേരത്തേ 10 കി.മീറ്റർ മാറി അന്നമനട കേന്ദ്രമാക്കി പുതിയ സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യം ഉയർന്നിരുന്നു. തിരുവിതാംകൂർ ഭരണത്തിൽ അന്നമനടയിലും കരിങ്ങോൾചിറയിലും സ്റ്റേഷൻ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.