തങ്കക്കിനാവിനെക്കാൾ സൗന്ദര്യമുള്ള നിത്യജീവിത യഥാര്‍ഥ്യം വരച്ചിട്ട ചൊവ്വല്ലൂർ

ഗുരുവായൂർ: ഏതു തങ്കക്കിനാവിനെക്കാളും സൗന്ദര്യമുണ്ട് ചൊവ്വലൂര്‍ കൃഷ്ണന്‍കുട്ടി സ്ഫുടീകരിക്കുന്ന നിത്യജീവിത യഥാർഥ്യത്തിനെന്ന് എഴുതിയത് സാഹിത്യ നിരൂപകൻ എം. കൃഷ്ണൻ നായർ. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എക്സ്പ്രസ് വാരികയില്‍ എഴുതിയ 'അമ്മിണിക്കുട്ടി' കവിതയെ നിരൂപണം ചെയ്ത് തന്‍റെ പ്രശസ്തമായ സാഹിത്യ വാരഫലത്തിലായിരുന്നു കൃഷ്ണൻ നായരുടെ അഭിനന്ദനം. ആദ്യത്തെ ചുംബനത്തെക്കാള്‍ മാധുര്യമിയന്നതാണ് 'അമ്മിണിക്കുട്ടി' എന്ന കാവ്യമെന്നും കൃഷ്ണൻ നായർ എഴുതി. 'ബഹുമുഖപ്രതിഭ' എന്ന പദത്തെ അന്വര്‍ഥമാക്കിയ വ്യക്തിയെന്നാണ് എം.ടി ചൊവ്വല്ലൂരിനെ വിശേഷിപ്പിച്ചത്. ഉപയോഗിച്ച് ഉപയോഗിച്ച് അര്‍ഥമില്ലാതെയായ ബഹുമുഖ പ്രതിഭയെന്ന പദം അർഥസമ്പുഷ്ടമാകുന്നത് ചൊവ്വല്ലൂരിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. --------- ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ... ഗുരുവായൂർ: ഒരുനേരമെങ്കിലും കാണാതെ വയ്യെന്‍റെ... എന്ന ഒറ്റ ഭക്തിഗാനം മതി ചൊവ്വല്ലൂരിനെ എന്നുമെന്നും മലയാളി മനസ്സുകളിൽ അവിസ്മരണീയനാക്കാൻ. തന്‍റെ മനസ്സ്​ നിറഞ്ഞ് നിൽക്കുന്ന ആ ഗാനം ചിട്ടപ്പെടുത്തിയതും ഈണം പകർന്നതുമെല്ലാം ഏതാനും മണിക്കൂറുകൾക്കുള്ളിലാമെന്ന് ചൊവ്വല്ലൂർ പലപ്പോഴും പറയാറുണ്ട്.
1982 മാർച്ചിലെ ഗുരുവായൂർ ക്ഷേത്രോത്സവ നാളുകളിലാണ് ഈ പാട്ടിന്‍റെ പിറവി. ഉച്ചപൂജാസമയത്ത് ചൊവ്വല്ലൂർ ക്ഷേത്രത്തിലെത്തിയപ്പോൾ മുന്നിൽ സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ. ഉത്സവത്തിന്‍റെ ഭാഗമായി രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഭക്തിഗാനമേളയുണ്ടായിരുന്നു. രാധാകൃഷ്ണനോട് ചൊവ്വല്ലൂർ തന്‍റെ ഒരു ആഗ്രഹം പങ്കുവെച്ചു 'ഒരു പാട്ടെഴുതിത്തന്നാൽ വൈകീട്ട് ഗാനമേളക്ക് ചിട്ടപ്പെടുത്തി പാടാമോ?'. 'എഴുതിത്തരൂ....പാടാം' എന്നായിരുന്നു മറുപടി. മനസ്സിൽ ഒന്നുമില്ലാതിരുന്ന നേരത്ത് ചോദിച്ച ചോദ്യമെങ്കിലും കടലാസും പേനയും കൈയിലെടുത്തപ്പോൾ ആദ്യ വരി വാർന്നു വീണു 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളി പൊഴിക്കുന്ന ഗാനാലാപം'. ഗുരുവായൂരപ്പനെ തൊഴാൻ കഴിയാത്ത ഒരു ദിവസമെങ്കിലും ചിന്തിക്കാനാവാത്ത ചൊവ്വല്ലൂരിന്‍റെ മനസ്സ്​ തന്നെയായിരുന്നു ആ വരികൾ.
ബാക്കി വരികൾ കൂടി എഴുതി ചേർത്ത് പാട്ട് രാധാകൃഷ്ണന് കൈമാറി. വൈകീട്ട് ഗാനമേളക്ക് മുന്നിൽ സ്ഥാനം പിടിച്ചു. മണിക്കൂറുകൾക്ക് മുമ്പ് ചൊവ്വല്ലൂർ എഴുതിത്തന്ന പാട്ടാണ് പാടുന്നതെന്ന ആമുഖത്തോടെയാണ് പാടിയത്. പാട്ട് തുടങ്ങിയപ്പോൾ ചൊവ്വല്ലൂരിന്‍റെ കണ്ണുകൾ നിറഞ്ഞു. താൻ എഴുതിയത് തന്നെയോ ഈ വരികളെന്ന് സംശയം. മനോഹരമായ ആലാപനവും ഈണവും. സദസ്സ്​ മുഴുവനും പാട്ടിൽ ലയിച്ചിരിക്കുന്നു. കണ്ണീർ പൊഴിക്കുന്നവരും, ഗുരുവായൂരപ്പാ എന്ന് ഉറക്കെ വിളിക്കുന്നവരുമൊക്കെ സദസ്സിലുണ്ട്. നാലുവർഷം കഴിഞ്ഞ് യേശുദാസിന്‍റെ 'തുളസീതീർത്ഥം' എന്ന ആൽബത്തിലും ഗാനഗന്ധർവന്‍റെ സ്വരമാധുരിയിൽ ഈ ഗാനം ഇടംപിടിച്ചു. യുക്തിവാദികൾക്കിടയിൽ പോലും ഈ ഗാനത്തിന് പ്രചാരമുണ്ടായെന്ന് ചൊവ്വല്ലൂർ പറഞ്ഞിട്ടുണ്ട്. ഈ പാട്ട് കേട്ടതിനാൽ ആത്മഹത്യയെ മറികടക്കാൻ കഴിഞ്ഞവരെയും അദ്ദേഹത്തിന് കണ്ടുമുട്ടാനായി.
നാല് പതിറ്റാണ്ട് മുമ്പ് ഈ ഗാനം പിറന്നു വീണതുമുതുൽ അകതാരിലാർക്കുവാൻ ഒട്ടേറെ ഓർമകളാണ് രചയിതാവിന് ഈ ഗാനം സമ്മാനിച്ചിട്ടുള്ളത്. ----- ഗുരുവായൂരിലെ കഴകപ്രവൃത്തിക്കാരന്‍ ഗുരുവായൂര്‍: പത്രപ്രവർത്തനം, വാദ്യം, കഥകളി, എഴുത്ത്, അഭിനയം, തിരക്കഥ രചന, പാട്ട്, കവിത, ആക്ഷേപഹാസ്യം തുടങ്ങി എണ്ണിയാലൊതുങ്ങാത്ത മേഖലകളിലെല്ലാം വെന്നിക്കൊടി നാട്ടി അംഗീകാരങ്ങൾ തേടിയെത്തുമ്പോഴും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്കിഷ്ടം ഗുരുവായൂർ ക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകപ്രവൃത്തിക്കാരന്‍ എന്ന് അറിയപ്പെടാനായിരുന്നു. ഏറ്റവും വലിയ പുരസ്‌കാരമായി അദ്ദേഹം കണ്ടിരുന്നത്​ കഴക പ്രവൃത്തിയായിരുന്നു. ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ വിളക്ക് പിടിച്ച് മുന്നിൽ നടക്കാൻ അവകാശമുള്ള ചൊവ്വല്ലൂർ വാരിയത്തെ അംഗമായിരുന്നു കൃഷ്ണൻകുട്ടി. സർവ മേഖലകളിലും മിന്നിതിളങ്ങുമ്പോഴും തന്‍റെ അവകാശ പ്രവൃത്തിയിൽ അദ്ദേഹം വീഴ്ച വരുത്തിയില്ല. തന്നിലെ കഴക സംസ്‌കാരമാണ് ഭക്തിഗാനങ്ങള്‍ എഴുതിച്ചതെന്ന് ചൊവ്വല്ലൂർ പറയാറുണ്ടായിരുന്നു. ഗുരുവായൂരപ്പന്‍ എഴുതിക്കുകയാണ് എന്നേ തോന്നിയിട്ടുള്ളൂ എന്നാണ് അദ്ദേഹം പറയാറുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.