പാറളം പഞ്ചായത്തിലെ വീടുകളിൽ കണ്ടെത്തിയ
ആഫ്രിക്കൻ ഒച്ചുകൾ
തൃശൂർ: ഇനിയും സഹിക്കാനാവില്ല, മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. സഹികെട്ട ഒരു നാടിന്റെ വാക്കിന് മൂർച്ചയേറെയുണ്ട്. 10 വര്‍ഷത്തോളമായി ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യത്താല്‍ ഭീതിയില്‍ കഴിയുകയാണ് പാറളം പഞ്ചായത്തിലെ ശാസ്താംകടവ് മേഖലയിലെ ജനങ്ങൾ. ഒടുവിൽ നവകേരള സദസ്സ് തൃശൂരിലെത്തുമ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്കാൻ പഞ്ചായത്ത് തന്നെ നേരിട്ടിറങ്ങുകയാണ്.
പാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 15 വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യമുള്ളത്. മഴപെയ്ത് തുടങ്ങിയതോടെയാണ് ഒച്ചുകൾ വീണ്ടും വ്യാപകമായത്. മുറ്റം മുതല്‍ ശുചിമുറി വരെ ഇവ കൂട്ടമായെത്തി പറ്റിപ്പിടിച്ചിരിക്കും. വീട്ടുവളപ്പിലെ വാഴ, പപ്പായ, മുരിങ്ങ, ചേമ്പ്, ഇഞ്ചി തുടങ്ങി എല്ലാ വിളകളും ആക്രമിച്ച് നശിപ്പിക്കും.
അതിരാവിലെ മുതൽ വെയിൽ ചൂടാവുന്ന വരെ ഇവയെ വ്യാപകമായി കാണാം. എന്നാൽ, വെയിൽ കനത്താൽ കാണില്ല. പിന്നീട് വൈകീട്ട് വെയിൽ ചാഞ്ഞ് ചൂടൊഴിയുന്നതോടെ വീണ്ടും ഇവയുടെ പ്രവാഹമാണ്. വീടിനകത്തേക്ക് വരെ കയറി ശല്യമാണ്. ഭക്ഷണം കഴിക്കുന്നതിനിടെ ഇവയെ കാണ്ടാല്‍ അറപ്പ് മൂലം അതും ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണ്.
നേരം വെളുത്താല്‍ ഇവയെ നശിപ്പിക്കലാണ് ഇവിടുത്തുകാരുടെ പ്രധാന ജോലി. നേരത്തേ കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഒച്ചുകളെ തുരത്താന്‍ മരുന്ന് നിശ്ചയിച്ച് നല്‍കിയിരുന്നു. കിലോക്ക് ആയിരം രൂപക്കടുത്ത് വില വരുന്ന ഈ മരുന്ന് വാങ്ങാന്‍ പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് ഇതിനകം ചെലവഴിച്ചത് ലക്ഷങ്ങളാണ്. എന്നിട്ടും ഇവയുടെ ശല്യം കൂടുന്നതല്ലാതെ കുറുയുന്നില്ല.
ഗുണഭോക്താക്കളെ വെച്ച് മരുന്ന് നല്കുന്ന കൃഷിവകുപ്പിന്റെ രീതി പ്രായോഗികമല്ലെന്ന് നാട്ടുകാർ പറയുന്നു. കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും 15 ാം വാര്‍ഡ് മെംബര്‍ കൂടിയായ പ്രമോദ് പറഞ്ഞു. ഒച്ച് ശല്യം ചൂണ്ടിക്കാട്ടി കൃഷിമന്ത്രിക്കടക്കം പഞ്ചായത്ത് അംഗങ്ങള്‍ നിവേദനം നല്‍കിയിരുന്നു.
എന്നിട്ടും നടപടിയില്ലാതായതോടെയാണ് ഒടുവിൽ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് പരാതിയുമായെത്താനുള്ള തീരുമാനം. നവകേരള സദസ്സ് തൃശൂരിലെത്തുമ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്കാന് കാത്തിരിക്കുകയാണ് പഞ്ചായത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.