എ.ടി.എമ്മിൽനിന്ന് പണം
കവർന്ന കേസിലെ പ്രതികൾ
ആമ്പല്ലൂർ: എ.ടി.എം മെഷീനുകളിൽ തിരിമറി നടത്തി പണം കവർന്ന സംഭവത്തിൽ ഹരിയാന സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ഹരിയാന ഖാൻസാലി സ്വദേശികളായ സിയാ ഉൽ ഹഖ് (35), നവേദ് (28) എന്നിവരെയാണ് ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് പുതുക്കാട് പൊലീസ് സാഹിസികമായി അറസ്റ്റ് ചെയ്തത്.
പുതുക്കാട് ദേശീയപാതയോരത്തുള്ള എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽനിന്ന് പലതവണയായി പണം നഷ്ടപ്പെട്ടന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. 2022ലായിരുന്നു സംഭവം.
നാഷനൽ പെർമിറ്റ് കണ്ടയ്നർ ലോറികളിലെ ഡ്രൈവർമാരായാണ് ഇവർ കേരളത്തിൽ എത്തിയിരുന്നത്. ഹരിയാനയിൽ സിറ്റിസൺ സർവിസ് സെന്ററുകൾ നടത്തുന്ന പ്രതികൾ അവിടെനിന്നും ശേഖരിക്കുന്ന ഐ.ഡി കാർഡുകളും അധാർ കാർഡുകളും ഉപയോഗിച്ച് കൃത്രിമമായി ബാങ്ക് അക്കൗണ്ടുകളും മൊബൈൽ സിം കാർഡുകളും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രദേശത്തെ നിരീക്ഷണ കാമറകളും കോൾ റെക്കോഡുകളും ബാങ്ക് ട്രാൻസേഷനുകളും പൊലീസ് പരിശോധിച്ചിരുന്നു. ഹരിയാന പൊലീസിലെ ക്രൈം ഇൻവസ്റ്റിഗേഷൻ ടീമിന്റെ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചു. പുതുക്കാട് എ.ടി.എമ്മിന് പുറമെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാനരീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികളെ കൂടുതൽ ചോദ്യംചെയ്ത് തെളിവുകൾ ശേഖരിക്കാനുള്ള നടപടിയിലാണ് പൊലീസ്. പ്രതികളെ പുതുക്കാട് എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ എത്തിച്ച് തെളിവെടുത്തു.
ചാലക്കുടി ഡിവൈ.എസ്.പി സിനോജ്, പുതുക്കാട് എസ്.എച്ച്.ഒ യു.എച്ച്. സുനിൽദാസ്, എസ്.ഐ കെ.എസ്. സൂരജ്, എ.എസ്.ഐ സി.എ. ഡെന്നീസ്, സീനിയർ സി.പി.ഒമാരായ കെ.ആർ. സജീവ്, പി.കെ. രതീഷ്, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.