കനത്ത മഴയിൽ ജലസമൃദ്ധമായ അതിരപ്പിള്ളി വെള്ളച്ചാട്ടം 

നെഞ്ചിൽ വേവുമായി 225 കുടുംബങ്ങൾ

തൃശൂർ: മഴ കനക്കുമ്പോൾ നെഞ്ചിൽ വേവുമായി കഴിയുന്ന 225 കുടുംബങ്ങളുണ്ട് ജില്ലയിൽ. ദുരന്ത നിവാരണ അതോററ്റിയുടെ കണക്കനുസരിച്ച് ഉരുൾപൊട്ടലും സോയിൽ പൈപ്പിങും മണ്ണിടിച്ചിലും പുഴ കരകവിഞ്ഞൊഴുകലും മറ്റുമായി മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങളിൽ അധികയാളുകളും തലപ്പിള്ളി താലൂക്കിലാണുള്ളത്.

ഒമ്പത് വില്ലേജുകളിൽ നിന്നായി 116 കുടുംബങ്ങളെയാണ് ഇവിടെനിന്ന് മാറ്റേണ്ടത്. ഇതിൽ തന്നെ പുലാക്കോട് വില്ലേജിൽ പാറക്കുന്ന് കോളനിയിലെ 27 കുടുംബങ്ങളെയാണ് മാറ്റി പർപ്പിക്കേണ്ടത്. സ്ഥിരം മണ്ണിടിച്ചൽ കേന്ദ്രമായ മുസാഫിരിക്കുന്നിന് സമീപത്തെ 21 കുടുംബങ്ങളെയാണ് തെക്കുംകര വില്ലേജിൽ നിന്നും മാറ്റേണ്ടത്.

വടക്കാഞ്ചേരി വില്ലേജിൽ ഒമ്പതാം ഡിവിഷനിൽ നിന്നും 12 കുടുംബങ്ങളെയും കയർ സൊസൈറ്റി റോഡിൽ കുമാരസഭ കോളനിയിൽ നിന്നും 10 കുടുംബങ്ങളെയും മാറ്റി പാർപ്പിക്കേണ്ടതുണ്ട്. കരുവന്നൂർ പുഴ കരകവിഞ്ഞൊഴുകാനുള്ള സാധ്യത പരിഗണിച്ച് പൊറിത്തിശ്ശേരി വില്ലേജിൽ പുഴയോട് ചേർന്ന ആറു വീട്ടുകാരെയും മാറ്റുമെന്നാണ് ജില്ല മണ്ണു സംരക്ഷണ ഓഫിസർ പുറപ്പെടുവിച്ച പട്ടികയിലുള്ളത്.

പ്രശ്ന സാധ്യത മേഖലയായ ചാലക്കുടി താലൂക്കിൽ നിന്നും അഞ്ചു വില്ലേജുകളിൽ നിന്നായി 48 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുക. പരിയാരം വില്ലേജിൽ കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി കോളനിയിലെ 19 കുടുംബങ്ങളെയും മാറ്റേണ്ടതുണ്ട്. തൃശൂർ താലൂക്കിൽ നിന്നും കൈനൂർ വില്ലേജിലെ കോക്കാത്ത് കോളനിയിൽ നിന്നും 26 കുടുംബങ്ങൾ മാറേണ്ടിവരും. പുത്തുർ വില്ലേജിലെ ചിറ്റക്കുന്നിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളെ മാറ്റേണ്ടി വരിക -40 കുടുംബങ്ങൾ.

തൃശൂർ താലൂക്കിൽ മൂന്ന് വില്ലേജുകളിൽ നിന്നുമായി 68 കുടുംബങ്ങളെ ഇത്തരത്തിൽ മാറ്റും. റവന്യൂ, ജിയോളജി, മണ്ണ് സംരക്ഷണം, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നീ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ കുടുംബങ്ങളെ കണ്ടെത്തിയത്. പ്രതികൂല സാഹചര്യം ഉടലെടുക്കുമ്പോൾ മാത്രമേ ഇവരെ മാറ്റുകയുള്ളൂ. അതേസമയം മഴ കനക്കുന്നതോടെ പരിശോധനക്ക് പിന്നാലെ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ വല്ലാത്ത ഭീതിയിലാണുള്ളത്.

ഇത്തരക്കാരെ സ്ഥിരമായി മാറ്റി പാർപ്പിക്കാൻ പ്രളയ വർഷങ്ങളിൽ തീരുമാനം എടുത്തുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാറ്റി പാർപ്പിക്കേണ്ട വീടുകളിൽ 201 എണ്ണം കുറഞ്ഞ ആശ്വാസത്തിലാണ് ജില്ല അധികൃതർ. കഴിഞ്ഞവർഷം 426 വീടുകളാണ് പ്രശ്ന ബാധിത കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നത്.

മൺസൂൺ: ജില്ല നാലാമത്

തൃശൂർ: മഴാനുകൂല ഘടകങ്ങൾ കൂടിയ സാഹചര്യത്തിൽ ജില്ലക്ക് ശരാശരി മഴ. കഴിഞ്ഞ വർഷത്തിൽ കാലവർഷത്തിലും തുലാവർഷത്തിലും ഏറെ പുറകിൽ പോയ ജില്ല ഇക്കുറി ശരാശരി മഴ ലഭിച്ച നാലു ജില്ലകളിൽ ഉൾപ്പെട്ടു.

മഴ 19 ശതമാനം കൂടുതലോ കുറവോ ലഭിച്ചാൽ ശരാശരി എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്ക്. ഇതനുസരിച്ച് ജില്ലക്ക് 19 ശതമാനത്തിന്‍റെ കമ്മിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയതെങ്കിലും ശരാശരി മഴ ലഭിച്ചുവെന്ന് കണക്കാക്കും.

169 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച 649 മി.മീ മഴ ലഭിച്ചപ്പോൾ ഈ ബധനാഴ്ച 818 മി.മീ ആയി കൂടി. ജൂലൈ ഒന്നിന് 33 ശതമാനമായിരുന്നു ജില്ലയുടെ മഴക്കമ്മി. 734ന് പകരം 490 മില്ലിമീറ്റർ മഴയാണ് അന്ന് ലഭിച്ചത്.

ആറിന് ഇത് 23ലേക്ക് ശതമാനം കുറഞ്ഞപ്പോൾ 846ന് പകരം ലഭിച്ചത് 649 മി.മീ മഴയാണ്. ഇന്നലെ 1006ന് പകരം 818 മി.മീ മഴയാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ മഴ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. തൃശൂർ നഗരത്തിൽ അടക്കമാണ് മഴമാപിനിയിൽ കുറവ് മഴ രേഖപ്പെടുത്തുന്നത്. അതേസമയം കടൽ ക്ഷോഭം ഇല്ലാത്തതും മഴ അതിതീവ്രമല്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. ഡാമുകളിൽ ഇപ്പോഴും വല്ലാതെ ജലം കൂടിയിട്ടില്ല.

ഒപ്പം ചാലക്കുടി, കരുവന്നൂർ, മണിലി അടക്കം പുഴകളും കരകവിഞ്ഞിട്ടില്ല. പുലിമുട്ട് നിർമാണം ഇഴയുന്നതും ജിയോബാഗ് വിരിക്കൽ പൂർത്തിയാക്കാത്തതും തീരത്ത് കാര്യങ്ങൾ പ്രശ്ന സങ്കീർണമാക്കാൻ ഇടയുണ്ട്.

ഒപ്പം ദുരന്ത നിവാരണ അതോററ്റിയും സോയിൽ വകുപ്പും അടക്കം കണ്ടെത്തിയ മണ്ണിടിച്ചിൽ മേഖലകളിൽ നിന്നും ആളുകളെ പൂർണമായി ഒഴിപ്പിക്കാനായിട്ടില്ല.

ന്യൂനമർദ പാത്തിയും മൺസൂൺ പാത്തിയും കിഴക്കൻ കാറ്റും ശക്തമായതിനാൽ മഴ കൂടുതൽ കനക്കാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. അടിയന്തര പ്രാധാന്യമുള്ള പ്രവർത്തങ്ങൾ ചെയ്ത് തീർക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിക്കേണ്ടതുണ്ട്.

Tags:    
News Summary - Relocating 40 families from Chittakunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT