നെടുപുഴ ഗവ. വിമൻസ് പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു (ഫയൽ ചിത്രം)
തൃശൂർ: മഴക്കാലമായിട്ട് ഇതുവരെ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 1519 പേർ. ജില്ലയിലാകെ 26 ക്യാമ്പുകളാണ് സർക്കാർ നടത്തുന്നത്. കടൽക്ഷോഭത്തിൽ വീടുകൾ തകർന്നവരും ക്യാമ്പുകളിലുണ്ട്. മഴയും വെള്ളക്കെട്ടും കുറഞ്ഞതിനെ തുടർന്ന് അഞ്ച് ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
പെരിഞ്ഞനം ജി.യു.പി.എസ്, കൈപ്പമ്മഗലം ബാബുൽ ഉലും മദ്റസ, വേളൂക്കര പഞ്ചായത്ത് ബിൽഡിങ്, താന്ന്യം ഗവ. മോഡൽ എൽ.പി.എസ്, പുല്ലൂർ എസ്.എൻ.ബി.എസ്.എസ് യു.പി.എസ് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടാൽ ക്യാമ്പുകളുടെ എണ്ണം ഇനിയും ഉയർത്തേണ്ടിവരും.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 569 കുടുംബങ്ങളാണ് ക്യാമ്പുകളിൽ തുടരുന്നത്. ഈ കുടുംബങ്ങളിലെ 309 കുട്ടികളും ക്യാമ്പിലുണ്ട്. മഴക്കാല ദുരിതവും വെള്ളക്കെട്ടും കാരണം പൊറുതിമുട്ടുന്ന കുടുംബങ്ങളാണ് ഇപ്പോഴും ക്യാമ്പിൽ തുടരുന്നത്. വീടുകൾ പൂർണമായും തകർന്നവരും കൂട്ടത്തിലുണ്ട്.
പലരുടെയും വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. മുകുന്ദപുരം, തൃശൂർ, ചാവക്കാട് താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ചാവക്കാട് താലൂക്കിൽ അഞ്ചും മുകുന്ദപുരം താലൂക്കിൽ 10ഉം തൃശൂർ താലൂക്കിൽ എട്ടും വീതം ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
ക്യാമ്പിൽ തുടരുന്ന കുടുംബങ്ങളിലെ പല കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങുന്നു എന്ന ആശങ്കയുമുണ്ട്. ക്യാമ്പുകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടർച്ചയായി അവധി നൽകുന്നതിലൂടെ അവയിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും ആശങ്കയിലാണ്.
26 ക്യാമ്പുകൾ പ്രവർത്തിക്കുന്നതിൽ 22 എണ്ണവും പ്രവർത്തിക്കുന്നത് സ്കൂളുകളിലാണ്. ഇവക്കെല്ലാം കലക്ടർ അവധി പ്രഖ്യാപിക്കുന്നുണ്ട്. മഴ ഇനിയും തുടരുകയാണെങ്കിൽ ഈ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനിയും അധ്യയന ദിവസങ്ങൾ നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.