ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ 4.0 ഗ്രാൻഡ് ഫിനാലെയിൽ തൃശൂർ സേക്രഡ് ഹാർട്ട് സ്കൂൾ അവാർഡ് സ്വീകരിക്കുന്നു
തൃശൂർ: പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെയിൽ ജില്ലക്ക് മികച്ച നേട്ടം. സെക്കൻഡറി വിഭാഗം സംസ്ഥാന തലത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂൾ ഫൈനലിസ്റ്റ് ആയി. ശിൽപവും 50,000 രൂപ കാഷ് അവാർഡും ലഭിച്ചു.
എല്ലാ വിദ്യാർഥികളെയും അടുത്തറിഞ്ഞുള്ള വ്യക്തിഗത ആസൂത്രണം നടത്തി അക്കാദമികവും മൂല്യാധിഷ്ഠിതവുമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പദ്ധതികള്‍ തയാറാക്കുകയും അവ സമയബന്ധിതമായി നടപ്പാക്കി വിദ്യാർഥികളെ ഉന്നതവിജയം കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തതാണ് സേക്രഡ് ഹാർട്ട് സ്കൂളിനെ സമ്മാനത്തിന് അർഹമാക്കിയതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
സെക്കൻഡറി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി ഉപകരണങ്ങൾ അവാർഡായി ലഭിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.
സംസ്ഥാനത്തെ 825 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത 86 സ്കൂളുകളാണ് ‘കൈറ്റ് ഹരിതവിദ്യാലയം 4.0’യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ ജില്ലയിൽനിന്ന് ചേർപ്പ് സി.എൻ.എൻ ഗേൾസ് എൽ.പി സ്കൂൾ, കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂൾ, പേരാമംഗലം ശ്രീദുർഗാ വിലാസം സ്കൂൾ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 26 സ്കൂളുകൾ രണ്ടാം റൗണ്ടിൽ എത്തിയപ്പോൾ ചേർപ്പ് സി.എൻ.എൻ. ജി.എൽ.പി സ്കൂളും സേക്രഡ് ഹാർട്ട് സ്കൂളും ഇടം പിടിച്ചു.
19 സ്കൂളുകളെയാണ് ഫൈനലിസ്റ്റായി തെരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്. ഹൈസ്കൂൾ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് പാലക്കാട് ജില്ലയിലെ ഗവ. ഹൈസ്കൂള്‍ പൊറ്റശ്ശേരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.