ചാലക്കുടി: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ബുധനാഴ്ച താഴ്ന്നെങ്കിലും പുഴയോരവാസികളുടെ ആശങ്ക നീങ്ങിയില്ല. പെരിങ്ങൽകുത്തിലും ഷോളയാറിലും ജലനിരപ്പ് ഉയരുകയാണെന്നതാണ് ആശങ്കയ്ക്ക് കാരണം. മഴയുടെ ശക്തി കുറഞ്ഞതോടെ പെയ്തുവെള്ളത്തിന്‍റെ അളവും പെരിങ്ങൽകുത്തിൽനിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും കുറഞ്ഞതാണ് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ത്തിയത്. എന്നാൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമായാലോ ഡാമുകളിൽനിന്ന് പുറത്തു വിടുന്ന ജലത്തിന്‍റെ അളവ് ഉയർന്നാലോ കാര്യങ്ങൾ വീണ്ടും തകിടം മറിയും.

പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുമെന്ന ഭീതിയിലും ഉരുൾപൊട്ടൽ ഭീതിയിലും വീടുകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ഭൂരിഭാഗം പേരും അവിടെ തന്നെ തുടരുകയാണ്. എന്നാൽ ഏതാനും ചിലർ വെള്ളം കുറഞ്ഞുവെന്ന ആശ്വാസത്തിൽ വീടുകളിലേക്ക് തൽക്കാലം മടങ്ങിയിട്ടുണ്ട്.

കരുതലിന്‍റെ ഭാഗമായി രണ്ടു ദിവസം മുമ്പ് പെരിങ്ങലിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് അധികജലം തുറന്നു വിട്ടതോടെയാണ് രണ്ട് മീറ്ററിൽ നിന്ന് ഏഴു മീറ്ററിനടുത്തു വരെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നത്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴ അത്ര ശക്തമാവാത്തതിനാൽ പുഴയിൽ ജലനിരപ്പ് രണ്ട് മീറ്ററോളം താഴുകയായിരുന്നു. എന്നാൽ ഇനിയും ഡാമുകളിൽ നിന്ന് കൂടുതൽ ജലമെത്തിയാൽ അഞ്ചു മീറ്ററിൽ നിന്നാവും വെള്ളം ഉയരുകയെന്ന ഭീഷണി നിലനിൽക്കുന്നു. അത് എട്ട് മീറ്ററോളം എത്തിയാൽ പ്രളയത്തിന്‍റെ അപകട നിരപ്പാണ്. ചൊവ്വാഴ്ച രാത്രി തന്നെ വെള്ളം ഒഴുകിപ്പോയതിനാൽ ആനമല അന്തർ സംസ്ഥാന പാതയടക്കം പ്രധാന റോഡുകളിലെ തടസ്സം മാറി. എന്നാൽ ചാലക്കുടി റയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് അതേപടി തുടരുകയാണ്. അതു വഴിയുള്ള വാഹനങ്ങൾ റയിൽവേ സ്റ്റേഷൻ ചുറ്റി കറങ്ങിയാണ് പോകുന്നത്.

അന്നനാട് ചാത്തൻച്ചാൽ തുടങ്ങി ഇടങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് ചെറിയ തോതിൽ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല.

മേലൂർ എരുമപ്പാടം ഡിവൈൻ കോളനിയിലെ നാൽപതോളം വീട്ടുകാർ, കാഞ്ഞിരപ്പിള്ളി എസ്.സി. കോളനിയിലെ വീട്ടുകാർ തുടങ്ങിയ ഭൂരിഭാഗം പേരും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ തുടരുകയാണ്.

Tags:    
News Summary - rain in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.