തൃശൂർ നഗരത്തിലെ പുലികളി (ഫയൽ)

പുലിയിറങ്ങാത്ത ഒാണക്കാലം

കാട്ടിലുള്ളതിനേക്കാൾ കൂടുതൽ ഇനം പുലികൾ തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിൽ എത്താറുണ്ടായിരുന്നു; ഓണം നാലാം നാൾ ഉച്ചതിരിഞ്ഞ്. കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതൽ ഇവയുടെയെല്ലാം കുട്ടികളും കൊച്ചു കുഞ്ഞുങ്ങളും വരെ സംസ്ഥാനത്തി​െൻറ സാംസ്കാരിക തലസ്ഥാനത്തെ കിടിലം കൊള്ളിച്ചിട്ടുണ്ട്.

എൽ.ഇ.ഡി പുലികളും മിന്നിത്തിളങ്ങുന്ന ഫ്ലൂറസൻറ് പുലികളും മേലാസകലം അഗ്നിജ്വാലകൾ ഉയർത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന 'സർക്കസ്'പുലികളും രാജ്യത്തെ കാടുകളിൽ മാത്രമല്ല, ഇടതൂർന്നു വളരുന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ പോലും കണ്ടെന്നുവരില്ല! 2016ൽ, ആദ്യമായി മൂന്നു പെൺപുലികൾ ശക്തൻ തമ്പുരാ​െൻറ രാജവീഥികളിൽ ചീറിയെത്തി തിമിർത്താടുകയുമുണ്ടായി. അതേക്കുറിച്ച്​ പുലികളിക്കിറങ്ങിയ വിനയ പറഞ്ഞതിങ്ങനെ:

''സർക്കാർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന ഒരു മതേതര ആഘോഷമാണ് പുലികളി. സ്ത്രീകൾക്ക് എന്തുകൊണ്ട് പങ്കെടുത്തുകൂടാ? അതുകൊണ്ടാണ് ഞങ്ങൾ വിയ്യൂർ മടയിലെ സംഘാടകരെ സമീപിച്ചത്. ബോഡി ആർട്ടിനെക്കുറിച്ചും (മെയ്യെഴുത്ത്), വസ്ത്രങ്ങളെക്കുറിച്ചും അവർക്കു ചില ഉത്​കണ്‌ഠകളുണ്ടായിരുന്നു. ഞങ്ങൾ സന്നദ്ധത അറിയിച്ചു. തൃശൂർ കോർപറേഷൻ ലിംഗസമത്വം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടെടുത്തു. വിയ്യൂരുള്ളവർ ഞങ്ങളെ പുലിനൃത്തച്ചുവടുകൾ പഠിപ്പിക്കാൻ തുടങ്ങി.''

വിയ്യൂർ മടയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, മറ്റു ട്രൂപ്പുകാരും തുടർവർഷങ്ങളിൽ പെൺപുലികളെയിറക്കി. 2019ൽ വിയ്യൂർ തന്നെ വീണ്ടും മൂന്നു പെൺപുലികളുമായി റൗണ്ടിലെത്തി. അതിലൊരാളായ പാർവതി നായർ ദൃശ്യ-അച്ചടി മാധ്യമങ്ങൾക്ക് 'വൈറൽ' വിരുന്നുമായി. സ്ത്രീകൾക്കുള്ള പ്രത്യേക പുലിമുഖാവരണം തലയിലേക്കു മടക്കിവെച്ച്, സകലർക്കും ചിരി സമ്മാനിച്ചിരുന്ന പാർവതി, പുലിയല്ല 'പുപ്പുലി' ആയി മാറിയ കഥ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നു.

ആദ്യമായി ഒരു കുട്ടിപ്പുലി റൗണ്ടിലിറങ്ങിയതും കൗതുകമുണ്ടാക്കിയിരുന്നു. ''2009-ൽ, ഞാനും മകൻ രാഹുലും അച്ഛൻ-പുലി-മകൻ-പുലി കെട്ടിയാടിയത് പ്രേക്ഷകരിൽ വലിയ ആവേശമാണ്​ ഉണർത്തിയത്,'' -കോനിക്കര ഗിരീഷ് ആവേശംകൊണ്ടു.

സ്ത്രീ സാന്നിദ്ധ്യം പുലികളിയിലെ ആകർഷണമാകുന്നതിന് ഏഴു വർഷം മുന്നെയാണ് ഒമ്പതു വയസ്സുകാരൻ രാഹുൽ കുട്ടിപ്പുലി വേഷമണിഞ്ഞ് പുലിപ്പിതാവുമൊത്ത് നൃത്തം ചെയ്ത് പ്രേക്ഷകരെ കുളിരണിയിച്ചത്.

''കോട്ടപ്പുറം മടയിലെ പുലിക്കൂട്ടത്തിനൊപ്പമാണ് ഞങ്ങൾ റൗണ്ടിലെത്തിയത്. മറ്റു മടകളിൽനിന്നെത്തിയ പുലിക്കൂട്ടങ്ങളുടെ മുഴുവൻ തിളക്കവും അക്കൊല്ലം കുട്ടിപ്പുലിക്ക് ഒറ്റക്ക് കിട്ടി. കോട്ടപ്പുറം മട, മികച്ച പുലികളി സംഘത്തിനുള്ള പുരസ്കാരവും നേടി. ലക്ഷം രൂപയും ട്രോഫിയും, കാൽ നൂറ്റാണ്ടുകാലം പുലികെട്ടിയാടി, പേരുപോലും 'പുലി-ഗിരീഷ്' എന്നായി മാറിയ വെള്ളാനിക്കരക്കാരൻ വെളിപ്പെടുത്തി.



കലാകാര​ന്‍റെ ദേഹത്ത്​ പുലിച്ചിത്രം വരക്കുന്ന ആർട്ടിസ്​റ്റ്​

 


ശരാശരി 10,000 രൂപ വരെ പ്രതിഫലം ലഭിച്ചിരുന്ന അച്ഛനും മകനും ഇന്ന് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. മഗലാപുരം ദസറ മുതൽ കൊൽക്കത്തയിലെ കാർണിവൽ വരെയുള്ള പരിപാടികളിൽ അച്ഛൻ-മകൻ ജോടിക്ക് അവസരം നേടിക്കൊടുത്തത് പൂരനഗരിയിലെ പ്രകടമാണ്. എന്നാൽ, പ്രളയം മൂലം 2018ലും മഹാമാരിയാൽ 2020 ലും പുലികൾ റൗണ്ടിൽ ഇറങ്ങിയില്ല. കഴിഞ്ഞ വർഷത്തെ പോലെ പേരിന്​ ഒാൺലൈൻ പുലികളിയുണ്ട്​ ഇത്തവണയും. ഒരു പുലിയെങ്കിലും പങ്കുകൊള്ളാത്ത പൊതു ആഘോഷങ്ങളോ ഘോഷയാത്രകളോ ഉദ്​ഘാടനങ്ങളോ പ്രച രണ പരിപാടികളോ ആഡംബര വിവാഹങ്ങളോ സാധ്യമല്ലാത്തൊരു കാലത്തെയാണ് കോവിഡ് സമഗ്രമായി ഗ്രസിച്ചുകളഞ്ഞത്. പുലിവേഷമിട്ട് ഇത്രയും കാലം കഴിഞ്ഞുകൂടിയ ഗിരീഷ് ഇന്ന് ജീവിതത്തി​ന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ്. ഏതു തൊഴിൽ ചെയ്തും കുടുംബം പുലർത്താൻ പ്രശസ്ത പുലികലാകാരൻ ഒരുക്കമാണെങ്കിലും, മനസ്സെത്തുന്നിടത്ത് ശരീരവുമെത്തേണ്ടേ? ഗിരീഷി​െൻറയും, അതുപോലെ ഒട്ടനവധി പേരുകേട്ട പുലികലാകാരന്മാരുടെയും അതിജീവനം, മഹാമാരിക്കാലത്ത്​ സമ്പൂർണ ലോക്ഡൗണിലാണ്.

''ഒരൊറ്റ ദിവസത്തെ പരിപാടിയാണ് പുലികളിയെങ്കിലും അതിനു പിറകിൽ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാധ്വാനമുണ്ട്. ഇത്രയും കാലത്തെ വരുമാന മാർഗവുമാണ് അത് പലർക്കും'' -നായ്ക്കനാൽ പുലികളി സമാജം പ്രസിഡൻറും വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ ടി. ആർ. ഹരിഹരൻ വിശദമാക്കി.

അമ്പത്തൊന്നു പുലികളും, അത്രതന്നെ പുലിക്കൊട്ടുകാരും തുറന്ന ട്രക്കുകളിൽ ചുരുങ്ങിയത് മൂന്നു വൻ ടേബ്ലോകളും പിന്തുണക്കും സേവനങ്ങൾക്കുമായി മുപ്പത്തഞ്ച് സംഘാടകരുമാണ് റൗണ്ടിലെത്തുന്ന ഒരു ട്രൂപ്പിലെ മുന്നണിക്കാർ. അമ്മിക്കല്ലുകളിൽ ചായം അരച്ചുണ്ടാക്കുന്നവരും മെയ്യെഴുത്ത് കലാകാരന്മാരുമുൾപ്പെടെ പത്തറുപതു പേർ അണിയറയിലും അത്യാശ്യമാണ്.

ദീർഘകാലം മികച്ച പുലി സംഘങ്ങളെ റൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്ന നായ്ക്കനാൽ ട്രൂപ്പി​െൻറ സാരഥിയാണ് ഹരിഹരൻ. വിയ്യൂർ സെൻറർ, വിയ്യൂർ ദേശം, കോട്ടപ്പുറം സെൻറർ, കോട്ടപ്പുറം ദേശം, അയ്യന്തോൾ ദേശം, തൃക്കുമാരകുടം, പൂങ്കുന്നം, പാട്ടുരായിക്കൽ, കൊക്കാല, വെളിയന്നൂർ, കുട്ടൻകുളങ്ങര, മൈലിപ്പാടം, ചെമ്പൂക്കാവ്, പെരിങ്ങാവ് മുതലായവയാണ് പേരെടുത്ത മറ്റു പുലിമടകൾ. അത്ര ദൂരെയല്ലാത്ത കാലത്ത് പതിനെട്ടു മടകളിൽ നിന്നുവരെ പുലിക്കൂട്ടങ്ങൾ ഇറങ്ങിയിരുന്നെങ്കിലും 2019 എത്തുമ്പോഴേക്കും അത് എട്ടു ട്രൂപ്പുകളായി ചുരുങ്ങി.

'' സാമ്പത്തിക ഞെരുക്കം തന്നെ കാരണം. ഒരു പുലിക്കൂട്ടത്തെ ഇറക്കാൻ ചുരുങ്ങിയത് 15 ലക്ഷം രൂപ ചിലവുണ്ട്. ടൂറിസം വാരാഘോഷത്തി​െൻറ സമാപനമാണ് തൃശൂരിലെ പുലികളി. എന്നാൽ, കെ.ടി.ഡി.സിയിൽനിന്ന് പൊള്ളയായ വാഗ്‌ദാനങ്ങളല്ലാതെ, കാശൊന്നും കിട്ടാറില്ല. തൃശൂർ കോർപറേഷൻ തരുന്ന ലക്ഷം രൂപയാണ് ആകെയുള്ള ധനസഹായം. ബാക്കി തുക ഞങ്ങൾ, ഭാരവാഹികൾ പിരിച്ചുണ്ടാക്കണം'' -വേതനം കൂടുതൽ കൊടുക്കേണ്ട വയറൻ പുലികളെ മാത്രമിറക്കാറുള്ള കോട്ടപ്പുറം മടയുടെ സംഘാടകൻ പി. ഹരി പങ്കു​െവച്ചു.




 വിയ്യൂർ സെൻറർ പുലികളി സമിതി അംഗങ്ങൾ


യുവജന കലാസമിതി നയിക്കുന്ന കോട്ടപ്പുറം പുലിസംഘമാണ് 2011ലും 15ലും എല്ലാ വിഭാഗത്തിലുമുള്ള പുരസ്കാരങ്ങൾ തൂത്തുവാരിയത്. മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദർശനം, അച്ചടക്കം മുതലായവക്കാണ് കാഷ് പ്രൈസുകളുള്ളത്. അച്ചടക്കം വിലയിരുത്തുന്നത് കേരള പൊലീസും ബാക്കിയുള്ളവയുടെ മൂല്യനിർണയം ലളിതകല അക്കാദമിയിൽ നിന്നെത്തുന്ന മുതിർന്ന കലാകാരന്മാരുമാണ് നിർവഹിക്കുന്നത്.

'ഒടുവിൽ പുലികളി അരങ്ങേറിയ 2019ൽ, വലിയ സാമ്പത്തിക ബാധ്യതയാണ് സമിതിക്ക് ഏറ്റെടുക്കേണ്ടിവന്നത്. പ്രളയത്തെത്തുടർന്ന് കച്ചവട മേഖല നേർത്തുപോയിരുന്നു. വ്യാപാരികളിൽനിന്ന് പ്രതീക്ഷിച്ചത്ര സംഭാവനകൾ ലഭിച്ചില്ല. ' -ഹരിയുടെ വാക്കുകളിൽ വിഷാദം.

പ്രളയാനന്തരം കൊറോണയുമെത്തി. വ്യാപാര മേഖല ആകെ തകർന്നിരിക്കുകയാണ്. ആരിൽനിന്നും പത്തുവർഷത്തേക്കെങ്കിലും കാര്യമായ സംഭാവനയൊന്നും ലഭിക്കാനിടയില്ലെന്നും തങ്ങൾ പുലികളിയിൽ നിന്ന് പിൻവാങ്ങുകയാണെന്നും ഹരി ഖേദപൂർവം അറിയിച്ചു.

'' ഇതുതന്നെയാണ് മറ്റു പല ട്രൂപ്പുകളുടെയും അവസ്ഥ. സർക്കാർതല ഇടപെടലുകളും ധനസഹായവും ഇല്ലെങ്കിൽ, പുലികളി നിലനിന്നുപോകാനിടയില്ല,'' 2008 മുതൽ വിയ്യൂർ സെൻററി​െൻറ അമരത്തിരിക്കുന്ന ടി.എസ്. സുമേഷ് അസന്ദിഗ്‌ധമായി പറഞ്ഞു.

'' പെൺപുലി, ഹിമപ്പുലി, കുട്ടിയെ കടിച്ചുപിടിച്ച തള്ളപ്പുലി, മാൻകുട്ടിയെ കടിച്ചുപിടിച്ച തെങ്ങോലവരയൻ പുലി, മലമ്പാമ്പിനെ കീഴടക്കിയ ശൂരപ്പുലി മുതലായ ഒട്ടനവധി നവീന ആശയങ്ങൾ പ്രയോഗത്തിൽ‍ കൊണ്ടുവന്ന വിയ്യൂർ സംഘം നിലനിന്നേ മതിയാകൂ'' -പ്രശസ്ത നിശ്ചലദൃശ്യ ചിത്രകാര൯ പ്രസാദ് തോട്ടപ്പാട്ട് വ്യാകുലപ്പെട്ടു. പ്രഥമ പെൺപുലി ത്രയത്തെ അണിയിച്ചൊരുക്കിയ പ്രസാദ് മാഷ്, മുൻ പുലിയും, കഴിഞ്ഞ മൂന്നു ദശാബ്​ദം പുലികളി കലാമേഖലയിലെ പൊതു സംഘാടകനായി പ്രവർത്തിച്ച കലാകാരനുമാണ്.

'' 2019ൽ, വ്യത്യസ്‌ത മടകൾക്കായി ഒമ്പത് അർഥ സമ്പുഷ്​ടമായ ടേബ്ലോകൾ ചെയ്തതിൽ, ആറെണ്ണം മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരങ്ങൾ പങ്കു​െവച്ചു'' -പ്രസാദ് മാഷുടെ ശബ്​ദത്തിൽ തികഞ്ഞ സംതൃപ്‌തി. പുലിവരയുടെ സൗന്ദര്യശാസ്​ത്രമറിയാൻ മുപ്പത്തഞ്ച് കൊല്ലമായി മെയ്യെഴുത്തിൽ വ്യാപൃതനായിരിക്കുന്ന ജോസ് കാച്ചപ്പള്ളിയോട് സംസാരിക്കണം.

''പുള്ളിപ്പുലിയെ വരക്കുമ്പോൾ, പിൻഭാഗത്തു നിന്ന്​ വലിയ പുള്ളിയിൽ തുടങ്ങി വയറിലെത്തുമ്പോൾ അവ ചെറുതായി വരുന്നു. വരയൻ പുലിക്ക് ആറു തരം വരകൾ വേണം. പട്ട വര മുതൽ സീബ്രാ ലൈൻ വരെ. ടെമ്പെറാ പൗഡർ അരച്ചുണ്ടാക്കുന്ന ചായക്കൂട്ടി​െൻറ നിലവാരം അനുസരിച്ചാണ് പുലി വർണങ്ങൾക്കു ടോൺ ലഭിക്കുന്നത്'' -ജോസ് വിശദീകരിച്ചു.

70 വർഷം മുന്നെ, തോട്ടുങ്ങൽ രാമൻകുട്ടി ചിട്ടപ്പെടുത്തിയതാണ് പുലിമേളം. '' മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല. തൃശൂരല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് പ്രചാരത്തിൽ ഇല്ലതാനും'' -രാമൻകുട്ടിയുടെ മകനും പ്രശസ്ത പുലിക്കൊട്ട് ആശാനുമായ എഴുപതുകാരൻ പൊന്നൻ പറഞ്ഞു.

എൻ.എസ്. രാജനും മക്കൾ ശ്രീജിത്തും ശ്രീക്കുട്ടനും അവരുടെ മുപ്പതംഗ കൂട്ടുകുടുംബവുമാണ് അമ്പതു വർഷമായി പല മടകളിലേക്കും പുലിമുഖങ്ങൾ (Tiger masks) നിർമിച്ചുകൊടുക്കുന്നത്.

''കടലാസിൽ പശ പുരട്ടി മുഖരൂപമുണ്ടാക്കി, അതിന്മേൽ ചൂരൽ കഷ്ണം കൊണ്ട് പല്ലും, സൈക്കിൾ ട്യൂബ് മുറിച്ച് നാവും, ഫർ ഉപയോഗിച്ച് താടിയും ഒട്ടിച്ചെടുത്ത്, അനുയോജ്യമായ പെയിൻറ് അടിച്ചാണ് ഞങ്ങൾ മികച്ചയിനം പുലിമുഖങ്ങൾ ഉണ്ടാക്കുന്നത്'' -അച്ഛനും മക്കളും നിർമാണരീതി വിവരിച്ചു. മടകളുടെ എണ്ണം കുറഞ്ഞതോടെ അവർക്ക് തൊഴിലും കുറഞ്ഞു. പുതിയ ഓഡറുകളൊന്നും അവർക്ക് ലഭിച്ചില്ല. ''പ്രളയത്തിനും കൊറോണക്കും അവതരണങ്ങൾ മാത്രമേ തടയാനാകൂ. പൂരവും പുലികളിയും ഞങ്ങളുടെ ചോരയിലാണ് അതിജീവിക്കുന്നത്. അതത് മടകളിൽ, ഞങ്ങളുടെ പുലികൾ ഭദ്രമാണ്. തെളിച്ചമുള്ള പ്രഭാതത്തിൽ അവ പുറത്തിറങ്ങും. ശക്ത​െൻറ തട്ടകത്തിലെ പുലികൾക്ക് വംശനാശമില്ല'' -റൗണ്ട് സൗത്തിലെ പുസ്തക വ്യാപാരി ജോൺസൺ തട്ടിൽതെക്കുമ്പത്ത് ഉറപ്പിച്ചുപറഞ്ഞു!  

Tags:    
News Summary - pulikali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.