പൂരം പ്രദർശന മേളയിലെ ഐ.എസ്.ആർ.ഒ പവലിയൻ കാണാൻ എത്തിയവർ
തൃശൂർ: വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മേളിക്കുകയാണ് ഇത്തവണത്തെ പൂരം പ്രദർശനം. ഇരുന്നൂറോളം സ്റ്റാളുകളും എഴുപതിലധികം പവലിയനുകളുമായി ഒരുങ്ങിയിരിക്കുന്ന പ്രദർശന നഗരിയിൽ സന്ദർശകരുടെ പ്രവാഹമാണ്. സർക്കാർ വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾക്കൊപ്പം അമ്യൂസ്മെൻറ് പാർക്ക്, സൂപ്പർ റിയാലിറ്റി 5ഡി ഡോം തിയറ്റർ, അക്വാ ഷോ അടക്കമുള്ള വിനോദങ്ങളും മേളയിലുണ്ട്. ലഹരിക്കെതിരെയുള്ള ശക്തമായ ബോധവത്കരണവുമായി കേരള പൊലീസ്, എക്സൈസ് വകുപ്പുകളും ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പങ്കുവെച്ച് ഐ.എസ്.ആർ.ഒയും ഇത്തവണത്തെ പ്രദർശനത്തിലെ മുഖ്യ ആകർഷണങ്ങളാണ്.
ലഹരിയുടെ വിപത്തുകൾക്കെതിരെ ശക്തമായ സന്ദേശമാണ് പൊലീസിന്റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ‘ലഹരിക്കെതിരെ ഒരൊറ്റ പഞ്ച്’ പേരിൽ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും അവരെ ലഹരിവിമുക്തരാക്കാനുമുള്ള പ്രത്യേക കൗണ്ടർ ഇവിടെയുണ്ട്. രാസലഹരികളുടെ പേരുകൾ രേഖപ്പെടുത്തിയ പഞ്ചിങ് ബാഗാണ് സ്റ്റാളിലെ പ്രധാന ആകർഷണം. അതിൽ വീഴുന്ന ഓരോ ഇടിയും ലഹരിക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയിരിക്കുന്നു.
ലഹരി വസ്തുക്കൾ കൈവശം വെച്ചാൽ ലഭിക്കാവുന്ന ശിക്ഷകൾ, ലഹരി ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങൾ, ലഹരിമൂലം സമൂഹത്തിലുണ്ടാകുന്ന വിപത്തുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനങ്ങളെക്കുറിച്ചും ടോൾ ഫ്രീ നമ്പറുകളെക്കുറിച്ചുമുള്ള വിവരങ്ങളും ഇവിടെ ലഭ്യമാണ്.
ഐ.എസ്.ആർ.ഒയുടെ പവലിയൻ അറിവിന്റെയും കൗതുകത്തിന്റെയും ലോകമാണ് സന്ദർശകർക്ക് മുന്നിൽ തുറന്നിടുന്നത്. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപണത്തിന്റെ 50 വാർഷികം ‘ആര്യഭട്ട@50’ പേരിൽ ഇവിടെ അടയാളപ്പെടുത്തുന്നു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങളുടെ നാൾവഴികളും സ്റ്റാളിൽ ശ്രദ്ധേയമാണ്.
റോക്കറ്റുകളുടെ മോഡലിന് മുന്നിൽ ഫോട്ടോ എടുക്കുന്നവർ -ടി.എച്ച് ജദീർ
ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ മാതൃകകളും വിശദീകരണങ്ങളും ജില്ലയുടെ ഉപഗ്രഹ ചിത്രം, ഇന്ത്യൻ കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ, ഐ.എസ്.ആർ.ഒ.യുടെ വിവിധ പദ്ധതികൾ, റോക്കറ്റുകളുടെ മോഡലുകൾ എന്നിവയും സ്റ്റാളിൽ ഇടംപിടിച്ചിട്ടുണ്ട്. സ്പേ ഡെക്സ് ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. വിവിധ ഗ്രഹങ്ങളിൽ മനുഷ്യരുടെ ഭാരം എങ്ങനെ ആയിരിക്കും എന്നറിയാൻ പറ്റുന്ന രീതിയിലുള്ള സംവിധാനവും ഐ.എസ്.ആർ.ഒ ഒരുക്കിയിട്ടുണ്ട്
ബി.എസ്.എൻ.എൽ, ഫാം ഇൻഫർമേഷൻ ബ്യൂറോ, എക്സൈസ് വകുപ്പ്, എൻ.സി.സി, ഹോമിയോപ്പതി, പ്രതിരോധ മന്ത്രാലയം, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല, നിയമസേവന അതോറിറ്റി, പാലക്കാട് നിന്നുള്ള നീര സൊസൈറ്റി, ജില്ല പഞ്ചായത്ത്, ജില്ല വ്യവസായ കേന്ദ്രം, ആയുഷ് ഹോമിയോപ്പതി വകുപ്പ്, തൃശൂർ മുൻസിപ്പൽ കോർപറേഷൻ പവലിയൻ, കുടുംബശ്രീ ജില്ല മിഷൻ എന്നിങ്ങനെ നിരവധി സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.