തൃശൂർ പൂരത്തിന് സമാപനം കുറിച്ച് പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നു. ഫോട്ടോ: ജോൺസൺ വി ചിറയത്ത്
തൃശൂർ: പൂരം പ്രദർശനത്തിന് തേക്കിൻകാട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മൂലമുള്ള ‘പൂരം പ്രതിസന്ധി’ ഉടൻ പരിഹരിക്കാൻ സി.പി.എമ്മും ഇടതുമുന്നണിയും. നവകേരള സദസ്സ് കഴിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് ദേവസ്വങ്ങൾക്ക് സി.പി.എം, സി.പി.ഐ നേതാക്കൾ ഉറപ്പ് നൽകി. തറവാടകയിനത്തിൽ 2.20 കോടി തീരുമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്ക് ഉത്തരവ് നൽകിയതിന് പിന്നാലെ, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ അടിയന്തര സംയുക്ത യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഇല്ലെങ്കിൽ ഒരാനപ്പുറത്ത് പൂരം ചടങ്ങ് മാത്രമാക്കി നടത്തേണ്ടി വരുമെന്നും ദേവസ്വങ്ങൾ പ്രമേയം പാസാക്കിയിരുന്നു.
തിങ്കളാഴ്ച കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ ഇടതുമുന്നണി കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ തൃശൂരിലെത്തിയപ്പോൾ വിഷയം ഇടതുമുന്നണി നേതാക്കൾ തന്നെ ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പ്രശ്നം പരിഹരിക്കാമെന്ന് ദേവസ്വങ്ങൾക്ക് മുന്നണി നേതൃത്വം ഉറപ്പ് നൽകിയത്. 24ന് നവകേരള സദസ്സ് കഴിഞ്ഞ ഉടൻ വിഷയത്തിൽ ഇടപെടുമെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്.
തൃശൂർ പൂരവും ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും പ്രദർശനവും തൃശൂരിന്റെ വൈകാരിക വിഷയങ്ങളാണെന്നതിനാൽ മുഖംതിരിച്ച് നിൽക്കുന്നതും എതിരായ പ്രവൃത്തികളും തെരഞ്ഞെടുപ്പിനെ ബാധിക്കും. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പാണ് 2024ലെ പൂരം നടക്കുന്നതും. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകരുതെന്ന മുന്നറിയിപ്പ് സി.പി.ഐ നേതൃത്വം സി.പി.എമ്മിനെ ധരിപ്പിച്ചിട്ടുണ്ട്. പി. ബാലചന്ദ്രൻ എം.എൽ.എയും സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജും ദേവസ്വം പ്രതിനിധികളെ ചൊവ്വാഴ്ച സന്ദർശിച്ച് പ്രശ്ന പരിഹാരം ഉറപ്പ് നൽകി. യു.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിങ് എം.പി ടി.എൻ. പ്രതാപനും ബി.ജെ.പി സ്ഥാനാർഥിയായി സുരേഷ് ഗോപിയും മത്സരിക്കുന്നത് ഉറപ്പായിട്ടുണ്ട്.
ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി വി.എസ്. സുനിൽകുമാർ രംഗത്തെത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ശക്തമായ ത്രികോണ മത്സരത്തിനപ്പുറം ആര് വിജയിക്കുമെന്ന് പ്രവചിക്കാനാവാത്ത പോരിനായിരിക്കും തൃശൂർ മണ്ഡലം വേദിയാവുക. കഴിഞ്ഞ പൂരം സമയത്ത് തന്നെ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാമായിരുന്നതാണെന്നിരിക്കെ അനാവശ്യമായി വലിച്ചുനീട്ടുകയും സി.പി.എം നേതൃത്വം ഇടപെടാതെ വൈകിപ്പിച്ചതിലും ദേവസ്വങ്ങൾക്കും മുന്നണിക്കുള്ളിലും അതൃപ്തിയുണ്ട്.
പൂരം പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ സ്ഥലം അനുവദിക്കുന്നതിന് രണ്ടേകാൽ കോടിയോളം രൂപയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. 39 ലക്ഷത്തിൽ നിന്നുമാണ് ഒറ്റയടിക്ക് 2.20 കോടിയായി ഉയർത്തിയത്. കഴിഞ്ഞ വർഷം 42 ലക്ഷം രൂപയാണ് നൽകിയത്. അഞ്ചോ ആറോ കോടിയാണ് പ്രദർശനത്തിൽനിന്ന് പരമാവധി ലഭിക്കുന്ന വരുമാനം. ഇതിൽ തന്നെ തറവാടക ഇനത്തിൽ നല്ലൊരു വിഹിതം ബോർഡ് കൈവശപ്പെടുത്തിയാൽ പൂരം നടത്തിപ്പ് അവതാളത്തിലാവും. ഇതാണ് പൂരം കമ്മിറ്റിയുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.