തൃശൂർ: റേഷൻ ശേഖരണ വിതരണ പ്രക്രിയയിൽ ജില്ലയിൽ മാഫിയ അരങ്ങുവാഴുകയാണ്. മാഫിയക്കൊപ്പം അതിനെതിരെ പ്രതിരോധം തീർക്കേണ്ട ഉദ്യോഗസ്ഥരിൽ ഒരുവിഭാഗവും കൈകോർക്കുന്നതിനാൽ ജില്ലക്ക് പൊതുവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ പേര് റേഷൻ മാഫിയ ജില്ല എന്നാണ്. നേരത്തേ മാസപ്പടി വരുമാനം മാത്രമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നതെങ്കിൽ നിലവിൽ അത് വെട്ടിപ്പിലേക്ക് തിരിഞ്ഞുവെന്നതാണ് കുരിയച്ചിറ ഗോഡൗണിലെ രണ്ടു ലോഡ് അധിക മട്ട കണ്ടെത്തിയതിലൂടെ മനസ്സിലാവുന്നത്.
കേൾക്കുന്ന അളവിനെക്കാൾ അധികം വെട്ടിപ്പ് നടന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നുമുണ്ട്. സർക്കാർ നൽകുന്ന മാന്യമായ വേതനത്തിന് പുറമെ കിട്ടുന്ന പ്രതിമാസ വിഹിതത്തിന് അപ്പുറം വമ്പൻ സാധ്യതകളാണ് ഒരുകൂട്ടം ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നത്. നിലവിൽ പൊതുവിതരണ ഡയറക്ടർക്ക് അന്വേഷണം നടത്തിയ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ അനുഗുണമല്ല. ശക്തമായ രാഷ്ട്രീയ സമ്മർദം മൂലം ഉദ്യോഗസ്ഥതലത്തിൽ നടപടികൾ മുടന്തുകയാണ്.
ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യമാണ് ഈ കേസിലും നടക്കുകയെന്നാണ് പറയപ്പെടുന്നത്. സിവിൽ സപ്ലൈസ് കോർപറേഷനും വകുപ്പും രണ്ടുനിലക്ക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും തുടർ നടപടികൾ ഇഴയുന്നതിന് പിന്നിൽ വകുപ്പിനെ നോക്കുകുത്തിയാക്കുന്ന രാഷ്ട്രീയ സമ്മർദമാണ്. ജനപ്രതിനിധികൾ അടക്കമുള്ളവർ ഈ സമ്മർദ തന്ത്രത്തിന് മുന്നിൽ നിൽക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് അടിയറവ് പറയാനേ കഴിയൂ. പാർട്ടി ഫണ്ടിലേക്ക് വമ്പൻ തുക കുമിയുന്നതിനാൽ ഹൈകോടതി വിധിക്ക് പോലും പുതിയ മാനങ്ങൾ തീർക്കപ്പെടുകയാണ്.
രണ്ടുവർഷം മുമ്പ് സ്വകാര്യ ഗോഡൗണിൽനിന്ന് 'ഇലക്ഷൻ അർജന്റ്' വാഹനത്തിൽ അവധിദിനത്തിൽ അരിയടക്കം ഭക്ഷ്യധാന്യം വലിയതോതിൽ കടത്താൻ ശ്രമിച്ചത് പിടിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ അന്വേഷണ കോലാഹലങ്ങൾ നടന്നുവെങ്കിലും ഇതുവരെ നടപടി എങ്ങുമെത്താതെ ഫയലിൽ ഉറങ്ങുകയാണ്. ചേർപ്പിൽ റേഷൻ കടയിൽ അരിപിടിച്ചതും വടക്കാഞ്ചേരിയിൽ ചെള്ള് ഗോതമ്പ് അടക്കം കണ്ടെത്തിയിട്ടും ഒരു നടപടിയും ഇല്ലാതെ പോയതും രാഷ്ട്രീയ ഇടപെടൽ മൂലമാണ്.
തൃശൂർ: മാഫിയകളുടെ ബിനാമി ഇടപെടൽ മൂലം റേഷൻ വിട്ടെടുപ്പ്-വിതരണ വാഹന കരാർ നടപടികൾ സുതാര്യമല്ലാതെ നടപ്പാക്കിയ ഏക ജില്ലകൂടിയാണിത്. ഉദ്യോഗസ്ഥ രാഷ്ട്രീയ ബിനാമി കൂട്ടുകെട്ട് തന്നെയാണ് ജില്ലയിൽ റേഷൻ വിതരണം കരാർ നല്ലനിലയിൽ നടപ്പാകാതെ പോകാൻ കാരണം. സംസ്ഥാനത്ത് 75ൽ 57 താലൂക്കുകളിൽ പുതിയ കരാർ നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ, ജില്ലയിൽ കൊടുങ്ങല്ലൂർ ഒഴികെ ആറു താലൂക്കുകളിൽ നടപടികൾ ചുവപ്പുനാടയിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പേരിന് നടപ്പാക്കിയപ്പോഴും മാഫിയ ബിനാമികൾക്ക് അനുകൂലമായിരുന്നു കരാർ. 2020 ജൂലൈയിലാണ് എഫ്.സി.ഐയിൽനിന്ന് ഗോഡൗണുകളിലേക്കും ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിലേക്കും റേഷൻ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് സംസ്ഥാനത്ത് കരാർ നടപടികൾ തുടങ്ങിയത്. അതിൽ കരാർ സുതാര്യമാക്കാനുള്ള നടപടികൾ ഇന്നുവരെ ജില്ലയിൽ സ്വീകരിക്കാനാവാതെ പോയത് രാഷ്ട്രീയ സമ്മർദം മൂലമാണ്.
തൃശൂർ: എൻ.എഫ്.എസ്.എ റേഷൻ സംവിധാനത്തിൽ സ്വകാര്യ ഗോഡൗണുകളില്ല. പകരം അവ സപ്ലൈകോ നടത്തണമെന്നാണ് നിയമത്തിലുള്ളത്. പൊതു ഗോഡൗണുകൾ കിട്ടാത്ത സാഹചര്യത്തിൽ സ്വകാര്യ ഗോഡൗണുകൾ ആവാം എന്ന ഉപാധി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ജില്ലയാണ് തൃശൂർ. സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ ഗോഡൗൺ നടത്തിയിരുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടങ്ങളാണ് ജില്ലയിൽ വിവിധ താലൂക്കുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത്. അശാസ്ത്രീയമായ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം നശിക്കുന്നതും സാധാരണമാണ്. ഒപ്പം അവധിദിനത്തിൽ റേഷൻ കടത്തിന് അടക്കം ശ്രമിച്ചത് ഈ ഗോഡൗണുകളിൽ ഒന്നിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ട് ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നതും രാഷ്ട്രീയ ഇടപെടൽ മൂലമാണ്.
തൃശൂർ: കുരിയച്ചിറ ഗോഡൗണിൽ രണ്ട് ലോഡ് അധിക മട്ടയരി കണ്ടെത്തിയ സംഭവം മാധ്യമങ്ങളിൽ വാർത്ത വന്നതിന് എതിരെ ചില ജീവനക്കാർക്കുമുണ്ട് ശക്തമായ പ്രതിഷേധം.
പൊതുവിതരണ വകുപ്പിലെയും കോർപറേഷനിലെയും ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഇതിനെതിരെ പോസ്റ്റുകൾ നിറഞ്ഞിരുന്നു. സിവിൽ സപ്ലൈസ് വകുപ്പും കോർപറേഷനും തമ്മിലെ പ്രശ്നങ്ങളാണ് സംഭവം പുറത്തറിയാൻ ഇടയായത്. അതേസമയം, ഇക്കാര്യത്തിൽ രണ്ടുവിഭാഗത്തിലും പ്രശ്നക്കാരായ ജീവനക്കാർ ഒന്നിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.