ആമ്പല്ലൂർ: പാലിയേക്കരയിൽ കരാര്‍ കമ്പനിക്കുപകരം മറ്റൊരു കമ്പനി ടോൾ പിരിക്കുന്നത് സംബന്ധിച്ച് കലക്ടർ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമാണവും ടോൾപിരിവും നടത്തിയിരുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രെക്ചർ കമ്പനിക്ക് പകരം നാഗ്പൂര്‍ ആസ്ഥാനമായ ആഷ്മി റോഡ് കരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോൾ ടോള്‍പ്ലാസ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ ആറുമാസമായി പുതിയ കമ്പനിയുടെ പേരുവെച്ച ബോർഡ് ടോൾപ്ലാസയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, പരാതി ഉയർന്നതോടെ ടോൾപ്ലാസ അധികൃതർ ഈ ബോർഡ് മറക്കുകയും ചെയ്തു. പുതിയ കമ്പനി അനധികൃതമായാണ് ടോള്‍ പിരിവ് നടത്തുന്നതെന്ന് ജില്ല കോൺഗ്രസ് നേതൃത്വം മന്ത്രിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കലക്ടർ ദേശീയപാത അതോറിറ്റിക്ക് കത്തുനൽകിയത്.
വിശദീകരണം ആവശ്യപ്പെട്ട കലക്ടറുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. എന്നാൽ, പരാതി അവഗണിക്കുന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ കമ്പനിയുടെ നടപടി ആള്‍മാറാട്ടവും വഞ്ചനയുമാണെന്നും ടാജറ്റ് ആരോപിച്ചു.
കരാറിലെ വ്യവസ്ഥ 32 പ്രകാരം കമ്പനിയെ കരാറില്‍നിന്ന് നീക്കം ചെയ്യാവുന്ന കുറ്റമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടികാണിച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ദേശീയപാത അതോറിറ്റി ഡയറക്ടർ എന്നിവർക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ടാജറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.