സ്മരണകളിരമ്പും...

കെ.എ. തോമസ് മാസ്റ്റർ: മരണാനന്തരവും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പോരാളി -അബ്ബാസ്​ മാള കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്‍റെയും തിരുക്കൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സ്ഥാപക നേതാവ് കെ.എ. തോമസ് മാസ്റ്റർ; മരണാനന്തരവും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പോരാളി. നാട്ടുരാജ്യ ഭരണത്തിലായിരുന്ന ജില്ലയിൽ വൈകിയാണ് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന് തുടക്കമായതെങ്കിലും അതിന് നേതൃത്വം കൊടുത്തവരിൽ മുന്നിൽ മാളയിലെ കെ.എ. തോമസ് ഉണ്ടായിരുന്നു. മൃഗത്തിനും പിന്നിലായി മനുഷ്യനെ കണ്ട സാമൂഹികാന്തരീക്ഷത്തിൽ അതിനെ ചോദ്യം ചെയ്തവരിൽ തോമസിന്‍റെ പേര് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്​. കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്‍റെ രൂപവത്​കരണം മുതൽ പനമ്പിള്ളി ഗോവിന്ദമേനോൻ ഉൾപ്പെടെയുള്ളവർക്കൊപ്പം നേതൃനിരയിൽ തോമസ് ഉണ്ടായിരുന്നു. അവർണന്‍റെ മാനത്തിനായി ചോരചിന്തിയ പാലിയം അയിത്തോച്ചാടന സമരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപരിസരത്തെ വഴികളിൽ അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിന്​ നടന്ന കുട്ടംകുളം സമരം എന്നിവയുടെ മുന്നണിയിൽ നിന്നു. പ്രജാമണ്ഡലത്തിന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തരായ ഒരുവിഭാഗം സോഷ്യലിസ്റ്റ് പാർട്ടി രൂപവത്​കരിച്ചപ്പോൾ അഖില കൊച്ചി കമ്മിറ്റിയുടെ സെക്രട്ടറിയും പാർട്ടി മുഖപത്രമായ 'സ്വതന്ത്ര ഭാരത'ത്തിന്‍റെ പത്രാധിപരും തോമസായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന എൻ. ശ്രീകണ്ഠൻ നായർ, മത്തായി മാഞ്ഞൂരാൻ, എൻ.വി. കൃഷ്ണവാര്യർ എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. 1965ലും '67ലും കെ. കരുണാകരനെതിരെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി തോമസ്​ മത്സരിച്ചിട്ടുണ്ട്​. '67ൽ 367 വോട്ടിനാണ്​ തോറ്റത്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കരുണാകരന്‍റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം അതായിരുന്നു. 1916 ഒക്ടോബർ രണ്ടിന് മാളയിലാണ് ജനനം. 1980ന് ശേഷം സജീവ രാഷ്ട്രീയം അവസാനിപ്പിച്ച്​ കലാസാംസ്കാരിക രംഗത്ത് സജീവമായി. കരുണാകരൻ മരിക്കുന്നതുവരെ അടുപ്പം പുലർത്തി. 2011 മാർച്ച് രണ്ടിന് മരിച്ച തോമസിന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക്​ പഠനത്തിന്​ വിട്ടുകൊടുത്തു. അങ്ങനെ മരണാനന്തരവും തോമസ്​ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പോരാളിയായി. മാളയിൽ കെ.എ. തോമസ് മാസ്റ്റർ ഫൗണ്ടേഷൻ മികച്ച പൊതുപ്രവർത്തകർക്ക് പുരസ്കാരം നൽകിവരുന്നുണ്ട്. ----------------------------------------------- സഞ്ചാരവഴിയിൽ: 1941 മുതൽ പ്രജാമണ്ഡലത്തിന്റെ അംഗമെന്ന നിലയിൽ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു. മാള മേഖലയിലെ ചെത്തുതൊഴിലാളികളെയും ഓട്ടുകമ്പനി തൊഴിലാളികളെയും സംഘടിപ്പിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് സി.പി.ഐയിലും പ്രവർത്തിച്ചു. 15 വർഷം പൊയ്യ പഞ്ചായത്ത് പ്രസിഡന്‍റും 10 വർഷം മാള ബി.ഡി.സി ചെയർമാനുമായിരുന്നു. ------------------------------------------ സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി സ്മാരകം നിർമിക്കാൻ കൂടിയാലോചന നടത്തി ധാരണയിലായെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മാളയിൽ രാഷ്ട്രീയ-ചരിത്ര-പൈതൃക മ്യൂസിയം സ്ഥാപിക്കാനായിരുന്നു ധാരണ. 2018ൽ മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്, വി.ആർ. സുനിൽകുമാർ എം.എൽ.എ എന്നിവർകൂടി പങ്കെടുത്ത മുസ,രിസ് പ്രൊജക്ട് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ നാല് വർഷമെത്തുമ്പോഴും സ്മാരകത്തിന്‍റെ പദ്ധതി പ്രഖ്യാപനത്തിൽതന്നെ നിൽക്കുകയാണ്. thomas master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.